വോട്ട് ചോരിയിൽ രാഹുൽ ഗാന്ധി പറഞ്ഞ 'ഹൈഡ്രജൻ ബോംബ്' വെളിപ്പെടുത്തൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയെക്കുറിച്ചാണെന്ന് സൂചന. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നും ഇതിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് യുപി ഘടകം ആവശ്യപ്പെട്ടു
ദില്ലി: വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് മുതൽ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുൽ നടത്തുകയെന്ന വിലയിരുത്തലും സൂചനയുമാണ് ആദ്യം മുതലെ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന ഹൈഡ്രജൻ ബോംബ് 'വരാണസി' തന്നെയെന്ന സൂചന ആവർത്തിച്ച് കോൺഗ്രസ് ഉത്തർ പ്രദേശ് ഘടകം രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോൺഗ്രസ് യു പി പി സി സി വ്യക്തമാക്കുന്നത്. വരാണസിയിലെ വോട്ടെണ്ണലിൽ പോലും ക്രമക്കേട് നടന്നുവെന്നും നേതൃത്വം അഭിപ്രായപ്പെട്ടു.
വരാണസിയിൽ ആദ്യ പകുതിയിൽ അജയ് റായ്, പിന്നീട് സംഭവിച്ചതെന്ത്?
വരാണസിയിലെ വോട്ടെണ്ണലിന്‍റെ ആദ്യ പകുതിയിൽ അജയ് റായിക്ക് പിന്നിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പിന്നീട് ലീഡ് തിരിച്ചുപിടിച്ച മോദി ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറുകയായിരുന്നു. വോട്ടെണ്ണലിൽ പതിനൊന്ന് മണിക്ക് ശേഷം സംഭവിച്ചത് എന്തെന്നതിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കോൺഗ്രസ് യു പി ഘടകം മുന്നോട്ട് വയ്ക്കുന്നത്. വോട്ടെണ്ണൽ വിവരങ്ങൾ ഒരു ഘട്ടത്തിൽ പുറത്ത് വരാത്തതിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം വിവരങ്ങൾ അടങ്ങുന്നതാകും രാഹുൽ ഗാന്ധിയുടെ 'ഹൈഡ്രജൻ ബോംബ്' എന്നാണ് കോൺഗ്രസ് യു പി ഘടകം പറയുന്നത്. വിവര ശേഖരണത്തിന് രാഹുലിന്‍റെ ടീം വാരാണസിയിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും നേതാക്കൾ സൂചന നൽകിയിട്ടുണ്ട്.
വയനാട്ടിലും ഹൈഡ്രജൻ ബോംബ് ചർച്ച
അതേസമയം കഴിഞ്ഞ ദിവസം വയനാട് സന്ദർശിച്ചപ്പോഴും രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നുമാണ് രാഹുൽ പറഞ്ഞത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ല. വോട്ട് ചോരി നടത്തിയാണ് മോദി തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ഇന്ത്യയിൽ ഒരാൾക്കും സംശയമില്ല. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ വിവരിച്ചു. കൃത്യമായ തെളിവുകളാണ് വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. വോട്ട് ചോരി നടത്താൻ ഉപയോഗിച്ച ഫോൺ നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വാരണാസിയെ കുറിച്ചാണോ വെളിപ്പെടുത്തൽ എന്ന ചോദ്യത്തിന് എന്താണ് പുറത്തുവരാനുള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്നമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.


