പ്രതിപക്ഷത്തിന്‍റെ വോട്ടർമാരെ കൂട്ടത്തോടെ വെട്ടി മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനില്ക്കുന്നുവെന്ന കടുത്ത ആരോപണം ആവര്‍ത്തിച്ച്  രാഹുൽ ഗാന്ധി.ഓണ്‍ലൈനിലൂടെ ഒരാളുടെ വോട്ട് മറ്റൊരാള്‍ക്ക് നീക്കം ചെയ്യാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി. കമ്മീഷൻ ഉണർന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കള്ളന്മാരെ കമ്മീഷൻ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്ന ഇന്നലത്തെ ആരോപണം അദ്ദേഹം ആവർത്തിച്ചു

Scroll to load tweet…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വോട്ട് ചോരിയില്‍ കൂടുതല്‍ വിവരങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്നലെ അവതരിപ്പിച്ചത്. വോട്ടർപട്ടികയിൽ പേര് ചേർക്കാനോ ഒഴിവാക്കാനോ ഓൺലൈൻ അപേക്ഷ നലാനുള്ള സൗകര്യം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് രാഹുലിൻറെ ആരോപണം. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില് കർണ്ണാടകയിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വോട്ടര്‍മാര്‍ അറിയാതെ ഓണ്‍ലൈനിലൂടെ നീക്കം ചെയ്തുവെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഒരു ബൂത്തിലെ ആദ്യ വോട്ടറുടെ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ഐഡി ഉണ്ടാക്കിയാണ് മറ്റ് വോട്ടർമാരെ ഒഴിവാക്കാനുള്ള അപേക്ഷ നല്കുന്നത്. വോട്ടറുടേതല്ലാത്ത ഫോൺ നമ്പർ നല്കി ഒടിപി സ്വീകരിച്ചാണ് തട്ടിപ്പ്. 

അതേ സമയം രാഹുലിന്‍റെ ആക്ഷേപങ്ങള്‍ കമ്മീഷന്‍ പാടേ തള്ളി. ഓണ്‍ലൈനിലൂടെ ഒരാളുടെ വോട്ട് മറ്റൊരാള്‍ക്ക് നീക്കം ചെയ്യാനാവില്ല. 2023 ല്‍ ഇതിനുള്ള ശ്രമം നടന്നു എന്നും കേസ് നല്കിയത് കമ്മീഷനാണെന്നും വിശദീകരണത്തിൽ പറയുന്നു. രാഹുല്‍ ആക്ഷേപം ഉന്നയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ആ സീറ്റിൽ ജയിച്ചതെന്നും കമ്മീഷന്‍ വ്യക്തമാക്കി