ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറച്ചുദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക്. ഞായറാഴ്ചയാണ് അദ്ദേഹം വിദേശത്തേക്ക് തിരിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സ്വകാര്യ സന്ദര്‍ശനത്തിന് പോയ രാഹുല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പിടിഐയോട് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടുത്തേക്കാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നില്ല. എത്ര ദിവസത്തേക്കാണ് എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

അതേ സമയം ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ തന്‍റെ മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് ഇറ്റലിയില്‍ പോയത്. കോണ്‍ഗ്രസിന്‍റെ 136 മത് സ്ഥാപക ദിനം തിങ്കളാഴ്ചയാണ് അതിനിടെയാണ് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ വിദേശത്തേക്ക് സന്ദര്‍ശനത്തിന് പോയത്.