Asianet News MalayalamAsianet News Malayalam

10 കൊല്ലം മുമ്പ്, മൻമോഹൻ സിംഗിന്‍റെ ഓ‌ർഡിനൻസ്; പരസ്യമായി വലിച്ചുകീറിയെറിഞ്ഞ രാഹുൽ, ഇന്ന് അതേ 'അയോഗ്യത' ഭീഷണി

പത്ത് വർഷത്തിനിപ്പുറം രാഹുൽ ഗാന്ധി തന്നെ ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട് അയോഗ്യത ഭീഷണി നേരിടുമ്പോൾ കോൺഗ്രസ് നേതാക്കളിൽ പലരും ആ ഓർഡിനൻസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയേക്കും

Rahul gandhi public tore Manmohan govt ordinance incident asd
Author
First Published Mar 23, 2023, 6:51 PM IST

ദില്ലി: ക്രമിനൽ മാനനഷ്ടക്കേസില്‍ 2 വർഷത്തേത്ത് ശിക്ഷിക്കപ്പെട്ടതോടെ പാര്‍ലമെന്‍റ് അംഗത്വത്തിന് അയോഗ്യത ഭീഷണി നേരിടുമ്പോൾ രാഹുൽ ഗാന്ധി 10 കൊല്ലം മുമ്പ് വലിച്ചുകീറിയെറിഞ്ഞ മൻമോഹൻ സിംഗിന്‍റെ ഓർഡിനൻസ് വീണ്ടും ചർച്ചയാകുന്നു. ക്രമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കാനായാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2013 ൽ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോൺഗ്രസ് നയിക്കുന്ന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് കോൺഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്ന രാഹുൽ ഗാന്ധി അന്ന് പരസ്യമായാണ് കീറിയെറിഞ്ഞത്. രാഹുലിന്‍റെ നടപടി അന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയതായിരുന്നു. അന്ന് വലിച്ചുകീറിയെറിഞ്ഞ മൻമോഹന്‍റെ ആ ഓർഡിനൻസ് ഉണ്ടായിരുന്നെങ്കിൽ രാഹുലിന്, ഇന്ന് തത്കാലത്തേക്കെങ്കിലും അയോഗ്യത ഭീഷണി ഒഴിവാകുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

2 വർഷമല്ല, രാഹുലിന്‍റെ 'വിധി' തീരുമാനിക്കുക 30 ദിവസം! 2013 ലെ വിധി നിർണായകം, പന്ത് സ്പീക്ക‍റുടെ കോർട്ടിലേക്കോ?

രാജ്യം ഏറെ ശ്രദ്ധിച്ച ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധിക്ക് പിന്നാലെയാണ് യു പി എ സർക്കാർ ഓ‍ർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. 'ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ ജനപ്രതിനിധി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാകും എന്നതായിരുന്നു വിധിയുടെ ചുരുക്കം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യതയുണ്ടാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്‌ടപ്പെടുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ വിധി വന്നാൽ ഉടനടി തന്നെ ജനപ്രതിനിധികൾ അയോഗ്യരാക്കുന്നത് ഒഴിവാക്കാനായിരുന്നു യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കണം എന്നതായിരുന്നു ഓർഡിനൻസിന്‍റെ ലക്ഷ്യം.

ക്രിമിനൽ കേസിലടക്കം ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികളുടെ അംഗത്വം, അപ്പീല്‍ കാലയളവായ 3 മാസത്തേക്ക് റദ്ദാക്കാനാകില്ല എന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (4) വകുപ്പിലായിരുന്നു സുപ്രീം കോടതി ഇടപെട്ടത്. 2013 ജൂലൈ പത്തിന് സുപ്രീം കോടതി ഇത് അസാധുവാക്കി. ശിക്ഷിക്കപ്പെട്ടാൽ ഉടനടി ജനപ്രതിനിധിക്ക് അയോഗ്യത എന്നതായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ രണ്ട് മാസത്തിനകം യു പി എ സർക്കാർ ഓർഡ‍ിനൻസ് കൊണ്ടുവന്നു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുടെ വിധി വരുന്നതിനു തൊട്ടു മുമ്പായിരുന്നു മൻമോഹന്‍ സർക്കാരിന്‍റെ ഓര്‍ഡിനന്‍സ്. എന്നാൽ ഈ ഓർഡിനൻസിനെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ദില്ലി പ്രസ് ക്ലബില്‍ വച്ച് ഓർഡിനൻസ് പരസ്യമായി കീറിയെറിയുകയും ചെയ്തു. രാഹുലിന്‍റെ നടപടി വിവാദത്തിനും വിമർശനത്തിനും ഇടയാക്കിയെങ്കിലും യു പി എ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയായിരുന്നു. പത്ത് വർഷത്തിനിപ്പുറം രാഹുൽ ഗാന്ധി തന്നെ ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട് അയോഗ്യത ഭീഷണി നേരിടുമ്പോൾ കോൺഗ്രസ് നേതാക്കളിൽ പലരും ആ ഓർഡിനൻസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയേക്കും.

Follow Us:
Download App:
  • android
  • ios