​ദില്ലി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനൾ മികച്ച രീതിയിലാണോ നടക്കുന്നതെന്ന് കേന്ദ്രത്തോട് ചോദിച്ച് കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. ​ട്വീറ്റിൽ പങ്കുവച്ച ​ഗ്രാഫിനൊപ്പമാണ് രാഹുൽ ​ഗാന്ധിയുടെ ചോദ്യം. കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്ഥാനമാണെന്നും നിശ്ചയദാർഢ്യത്തോടെയും ഉത്സാഹത്തോടെയും ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകുന്നതെന്നും അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണിത്. 

കൊവിഡ് 19 കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സർക്കാരിനെ വിമർശിച്ചു കൊണ്ടാണ് ​രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. അമേരിക്ക, ഇന്ത്യ,  ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ഏഴു ദിവസത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം ഉൾപ്പെടുത്തിയ ​​ഗ്രാഫാണ് രാഹുൽ ​ഗാന്ധി പങ്കുവച്ചിരിക്കുന്നത്. ​ഗ്രാഫിൽ ഇന്ത്യയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം അമേരിക്കയുടെ ​ഗ്രാഫിന് തൊട്ടടുത്ത് എത്തി നിൽക്കുന്നതായി കാണാൻ സാധിക്കും. 

ഇന്ത്യയെപ്പോലെ ഒരു രാജ്യം കൊറോണയെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാൽ കൊവിഡിനെ നേരിടുന്ന കാര്യത്തിൽ മികച്ച പ്രവർത്തനമാണ് ഇന്ത്യ നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.