മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി
ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്‍റെ തോൽവിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തുടക്കം മുതൽ ബിഹാറിൽ ശരിയായ തെരഞ്ഞെടുപ്പ് അല്ല നടന്നതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടക്കം മുതൽ ശരിയായ രീതിയിൽ നടക്കാത്ത തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, ബിഹാറിലെ വമ്പൻ വിജയത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. കോൺഗ്രസ് പാർട്ടി മുസ്ലീംലീഗ് - മാവോവാദി കോൺഗ്രസായി മാറിയെന്നും സ്വയം മുങ്ങുന്ന കോൺഗ്രസ് സഖ്യ കക്ഷികളെ കൂടി മുക്കുകയാണെന്നും മോദി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോൺഗ്രസിന്‍റെ ആരോപണങ്ങൾ തള്ളി എസ്ഐആർ ജനങ്ങൾ ഏറ്റെടുത്തു. ബിഹാറിലെ വിജയം കേരളം അടക്കമുള്ള തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ ഊർജമാണെന്നും ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടിയിൽ മോദി പറഞ്ഞു. നിതീഷ് കുമാറിനെ കുറിച്ചോ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചോ പ്രസംഗത്തിൽ മോദി പരാമർശിച്ചില്ല.



