ബിഹാറിലെ ജനങ്ങള്‍ എൻഡിഎ സര്‍ക്കാരിൽ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി

ദില്ലി: ബിഹാറിലെ ജനങ്ങള്‍ എൻഡിഎ സര്‍ക്കാരിൽ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും മോദി പറഞ്ഞു. ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു. വികസനം പുതിയ തലത്തിൽ എത്തിക്കുമെന്ന് ഞാൻ ബിഹാറില്‍ വന്ന് വാഗ്ദാനം നൽകിയതാണ്. മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും മോദി പറഞ്ഞു.

സമാധാനപരമായിട്ടാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടിവന്നില്ല എന്നത് നേട്ടമാണ്. എസ്ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവരും ഇത്തവണ പരാജയപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവര്‍ക്കൊപ്പവും ജനം നിന്നില്ല. ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനം മാത്രമാണ്. ജംഗിള്‍ രാജിനെ ജനം ഒരിക്കൽ കൂടി തള്ളി. ഇതിന് കാരണം വനിതകളുടെ തീരുമാനമാണ്. അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോര്‍ ഇപ്പോള്‍ ചരിത്രമായി. ബിഹാര്‍ വികസനത്തിൽ കുതിക്കുകയാണ്.

കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് ആയി മാറി

ബിജെപി ഒരു തെരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ആറു തെരഞ്ഞെടുപ്പിലും കൂടി കോൺഗ്രസ് നേടിയില്ലെന്ന് മോദി പരിഹസിച്ചു. നാലു സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. കോൺഗ്രസിന്‍റെ ആദർശം നെഗറ്റീവ് പൊളിറ്റിക്സാണ്. ഇവിഎമ്മിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്.കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലീം ലീഗ്, മാവോവാദി കോണ്‍ഗ്രസ് ആയി മാറിയെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്ന പറഞ്ഞ മോദി രാഹുൽ ഗാന്ധിയെയും പരോക്ഷമായി വിമര്‍ശിച്ചു. കേരളത്തിൽ അടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഊർജം ബിഹാർ നൽകുന്നു വെന്നും കോൺഗ്രസ് പരാദ പാർട്ടിയാണെന്നും ആർജെഡി ബിഹാറിൽ തകർന്നുവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികള്‍ക്ക് ബാധ്യതയാണ്. ബംഗളാലിലെ ബിജെപിയുടെ വിജയത്തിന്‍റെ വഴി ബിഹാര്‍ നിര്‍മിച്ചുവെന്നും മോദി പറഞ്ഞു. അതേസമയം, പ്രസംഗത്തിൽ എവിടെയും നിതീഷ് കുമാറിനെക്കുറിച്ചോ ബിഹാറിലെ മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ചോ മോദി പറഞ്ഞില്ല.

ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മോദിക്കൊപ്പം വേദിയിലെത്തി. ബിഹാറിലെ എൻഡിഎ സഖ്യത്തിന്‍റെ മഹാ വിജയത്തിൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷമാണ് നടന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ആസ്ഥാനത്തെത്തിയത്. വൻ സുരക്ഷയാണ് ആഘോഷ പരിപാടിക്കായി ഏര്‍പ്പെടുത്തിയിരുന്നത്. എൻഎസ്‍ജി സംഘത്തെ അടക്കം കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ബിഹാറിലെ 243 സീറ്റിൽ 202 സീറ്റിലും വിജയം ഉറപ്പിച്ചാണ് എൻഡിഎയ്ക്ക് ഭരണതുടര്‍ച്ച ലഭിക്കുന്നത്. ഇന്ത്യാ സഖ്യം 34 സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ള കക്ഷികള്‍ ഏഴു സീറ്റിലാണ് വിജയിച്ചത്.

YouTube video player