രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ശക്തമാക്കി. കേന്ദ്രമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ കൂടുതൽ സങ്കീർണ്ണമായി. പ്രധാനമന്ത്രിയുടെ രാജിയടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ടുവച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമായി കോൺഗ്രസിന്‍റെയും സി ജെ പിയുടെയും പ്രതിഷേധം. യുവാക്കൾക്കെതിരെ ഇന്നലെ പൊലീസ് നടത്തിയ ലാത്തിചാർജ്ജിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് മാറ്റിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമാകുകയാണ്. ലോക് കല്യാൺ മാർഗിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിശക്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ നടത്തിയ അനുനയ നീക്കം പാളിയതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് പ്രതിഷേധ സ്ഥലത്ത് നേരിട്ടെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എത്തിയ ജിതേന്ദ്ര സിംഗ് മുന്നോട്ട് വച്ച അനുനയ നീക്കം കോൺഗ്രസും രാഹുൽ ഗാന്ധിയും തള്ളിക്കളഞ്ഞു. കേന്ദ്രവുമായി ചർച്ച തുടങ്ങാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ശക്തമായതോടെ ദില്ലി പൊലീസ് ഇവരെ നീക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സേനയടക്കം സ്ഥലത്തെത്തിയെങ്കിലും ഇതുവരെയും നേരിട്ട് ഇടപെട്ടിട്ടില്ല. രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി കോൺഗ്രസിലെ എം പിമാരും നേതാക്കളുമെല്ലാം തെരുവിലിറങ്ങിയിരിക്കുകയാണ്.
പ്രധാനമന്ത്രിയടക്കം രാജിവയ്ക്കണം
രാജ്യതലസ്ഥാനത്ത് സി ജെ പി പ്രതിഷേധത്തിനിടെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായാണ് ഇന്ന് കോൺഗ്രസ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അതിശക്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദില്ലിയിൽ അസാധാരണ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും ഉടനടി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നിലവിലെ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്‍റ് എന്നും ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്.
നീറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സി ജെ പി ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചൂക്കിനെ ബലമായി മാറ്റിയതോടെയാണ് പ്രതിഷേധം കനത്തത്. ഇന്നലെ ജന്തർ മന്ദറിലെ സമരപന്തൽ പൊളിച്ച് നീക്കിയതോടെയാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. പൊലീസ് ലാത്തിചാർജിനെതിരെയാണ് ഇന്ന് പ്രതിഷേധം വീണ്ടും ശക്തമായത്.

