കശ്മീർ മുതൽ കേരളം വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെ വൈവിധ്യങ്ങളുടെ മനോഹാരിതയാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും രാഹുൽ പറഞ്ഞു
ദില്ലി: ഉത്തർപ്രദേശ് കേരളം പോലെയാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിനെതിരെ പ്രതികരിച്ച് രാഹുൽഗാന്ധി രംഗത്ത്. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുൽ ട്വീറ്റിലൂടെ യോഗിയോട് ആവശ്യപ്പെട്ടു. കശ്മീർ മുതൽ കേരളം വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെ വൈവിധ്യങ്ങളുടെ മനോഹാരിതയാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും വയനാട് എം പി കൂടിയായ രാഹുൽ ട്വീറ്റിലൂടെ പറഞ്ഞു.
നേരത്തെ യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവർ മറുപടിയുമായി രംഗത്തെത്തിയിരുന്നു. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല, യുപിയിലെ ജനങ്ങളും അതായിരിക്കും ആഗ്രഹിക്കുന്നത് എന്നായിരുന്നു പിണറായി വിജയന്‍റെ ട്വീറ്റ്. ഇംഗ്ലിഷിലും ഹിന്ദിയിലും പിണറായി യോഗിക്ക് മറുപടി നൽകിയിരുന്നു.
'പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ, മൈത്രിയും, എല്ലാവരെയും പരിഗണിക്കുന്ന വികസനവും തെരഞ്ഞെടുക്കുക. കേരളീയരും, ബംഗാളികളും, കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാർ തന്നെയാണ്.' എന്നാണ് വി ഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചത്.
