ദില്ലി: പാര്‍ലമെന്‍റില്‍ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടക വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിലാണ് രാഹുലും പങ്കുചേര്‍ന്നത്. ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ എത്തുന്നത്. കര്‍ണാടകയില്‍ ബിജെപി മറ്റുപാര്‍ട്ടികളിലെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയാണെന്നാരോപിച്ച് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കോണ്‍ഗ്രസ് എംപിമാരുടെ മുദ്രാവാക്യം രാഹുല്‍ ഗാന്ധിയും ഏറ്റുവിളിച്ചു. 17ാം ലോക്സഭയില്‍ ആദ്യമായാണ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. കര്‍ണാടക വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. രാജ്യസഭയില്‍ ആരോപണങ്ങള്‍ക്ക് രാജ്നാഥ് സിംഗ് മറുപടി നല്‍കിയതാണെന്ന് സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ രംഗത്തെത്തുകയായിരുന്നു. സഭയിലേക്ക് പോസ്റ്ററുകള്‍ കൊണ്ടുവന്നതിന് കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ താക്കീത് ചെയ്തു.