ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. നിലവിലെ കേന്ദ്ര സർക്കാർ അധികകാലം നിലനിൽക്കില്ല. കേരളത്തിലെ രാഷ്ട്രീയ പോരാട്ടം കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്നും രാഹുൽ തുറന്നുപറഞ്ഞു

ദില്ലി: ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയെ തകർക്കാനും ദുർബലമാക്കാനും സർക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ സഖ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സഖ്യത്തിലെ മറ്റ് പാർട്ടികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങളെയും പൂർണ്ണ സന്തോഷത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കാൻ താൻ തയ്യാറാണെന്നും, സഖ്യത്തെ ഒന്നിപ്പിച്ചു നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ പ്രധാന ചുമതലയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ പല പ്രമുഖ നേതാക്കൾക്കും തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെക്കുറിച്ചോ അട്ടിമറിയെക്കുറിച്ചോ ഇപ്പോഴും നൂറ് ശതമാനം ഉറപ്പില്ലെങ്കിലും തനിക്ക് അതിൽ പൂർണ്ണ ഉറപ്പുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തന്റെ സംസ്ഥാനത്ത് വോട്ട് ചോർന്നതിൽ 90 ശതമാനം മാത്രമാണ് സംശയമുള്ളത്. ഉദ്ധവ് താക്കറെയ്ക്കും തേജസ്വി യാദവിനും 40 ശതമാനം വീതമേ സംശയമുള്ളൂ. എന്നാൽ രാജ്യത്ത് ഇലക്ഷൻ പൂർണ്ണമായും അട്ടിമറിക്കപ്പെടുന്നുണ്ടെന്നും അതിൽ ആർക്കും സംശയം വേണ്ടെന്നും രാഹുൽ പറഞ്ഞു. പരമ്പരാഗതമായ പഴയ രാഷ്ട്രീയ ശൈലികൾ ഇനി വിജയിക്കില്ലെന്ന് സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) തുടങ്ങിയ കക്ഷികൾ മനസ്സിലാക്കണമെന്നും, ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ബി ജെ പിക്ക് അനുകൂലമായാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായിയെ കെട്ടിപ്പിടിക്കാനാകില്ല

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി പ്രസംഗത്തിൽ തുറന്നുപറഞ്ഞു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് താൻ തയ്യാറല്ലെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ എസ് എസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ വീക്ഷണങ്ങളോട് കോൺഗ്രസ് പൂർണ്ണമായും വിയോജിക്കുന്നു. തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ എസ് എസിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭയം വെടിഞ്ഞ് ഒറ്റക്കെട്ടായാൽ ബിജെപിയെ തോൽപ്പിക്കാം

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾ വലിയ തോതിൽ അടിച്ചമർത്തപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിട്ടും അതിന്റെ റീച്ച് പൂർണ്ണമായും തടഞ്ഞുവെച്ചിരിക്കുകയാണ്. മാധ്യമങ്ങളും നിയമസംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഏജൻസികളും എല്ലാം ഭരണപക്ഷത്തെ സഹായിക്കാനാണ് നിലകൊള്ളുന്നത്. എങ്കിലും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അമർഷം ഈ സർക്കാരിന്റെ പതനത്തിന് കാരണമാകും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാൽ ബി ജെ പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും രാഹുൽ ഗാന്ധി സഖ്യനേതാക്കളെ ഓർമ്മിപ്പിച്ചു.

YouTube video player