ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക നിയമത്തിനെതിരെ വമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി പഞ്ഞു. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലാണ് കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ വിമര്‍ശിച്ചത്.

''അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു.  ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും''. രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ  പുതിയ ബില്ലുകളുമായി താരതമ്യപ്പെടുത്തി, ഭാരത് ബന്ദിനെ അനുകൂലിക്കുന്ന ഹാഷ്ടാഗോട് കൂടിയാണ് രാഹുലിന്‍റെ ട്വീറ്റ്.  

ജനാധിപത്യ വ്യവസ്ഥിതിക്കെതിരും ഭരണഘടനാവിരുദ്ധവുമായ കരിനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.