ദില്ലി: പ്രിയങ്കയുടെ അറസ്റ്റ് യുപിയിലെ  ബിജെപി സർക്കാരിന്‍റെ അരക്ഷിത ബോധത്തിന്‍റെ ഭാഗമെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നിയമവിരുദ്ധമായി പ്രിയങ്കയെ അറസ്റ്റ് ചെയ്തത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നതായും രാഹുല്‍ പറഞ്ഞു. ഭൂമിതര്‍ക്കത്തെ തുടർന്ന്  രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ യുപിയിലെ സോൻഭദ്രയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പത്തുപേരുടെ ബന്ധുക്കളെ കാണാനെത്തിയപ്പോളാണ് പ്രിയങ്ക ഗാന്ധിയെ  മിര്‍സാപ്പൂരിൽ വെച്ച് പൊലീസ് തടഞ്ഞത്. 

ഇതോടെ എസ്‍പിജി വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിൽ കുത്തിയിരുന്ന പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് പൊലീസ് മിര്‍സാപ്പൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. എന്തിന് തന്നെ പൊലീസ് തടഞ്ഞുവെന്ന് വ്യക്തമാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്  പ്രിയങ്കഗാന്ധി വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മിര്‍സാപ്പൂരിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 2011ൽ കര്‍ഷകരെ കാണാനെത്തിയ രാഹുൽ ഗാന്ധിയെ ഭാട്ടാപ്രസോളിൽ നിന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തതത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.