ദില്ലി:  ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ താമസിച്ചു പഠിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായവും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനവവിഭവശേഷി മന്ത്രി ഡോ. രമേശ് പൊഖ്രിയാലിന് കത്തയച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലയിടങ്ങളിലും നിന്ന് വന്ന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതിനാല്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനും സാധിച്ചില്ല. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ മറ്റ് സംസ്ഥാനങ്ങളിലുണ്ട്. ഈ അവസ്ഥയിലാണ് രാഹുല്‍ ഗാന്ധി വിഷയം കേന്ദ്രത്തിന് മുന്നില്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത്.

അതേസമയം, അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിട്ടും കര്‍ണാടക പിന്നോട്ടില്ലെന്ന നിലപാടിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ചിടുന്നത് തുടരാനാണ് കര്‍ണാടകയുടെ നീക്കം. അതിര്‍ത്തി അടച്ചിടുന്നതോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാവും.കേരളത്തിലേക്കുള്ള50പച്ചക്കറി ലോറികളാണ്അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇതോടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള ചരക്ക് നീക്കം നിലക്കും. മാക്കൂട്ടം ചുരം റോഡ് മണ്ണിട്ടാണ് കര്‍ണാടകം അടച്ചിരിക്കുന്നത്. ചൊവ്വാഴ്ച കൂര്‍ഗിന്റെ ചുമതലയുള്ള മന്ത്രി വന്നതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് കൂര്‍ഗ് കളക്ടര്‍ അറിയിച്ചു. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും കര്‍ണാടക സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിര്‍ത്തികള്‍ കര്‍ണാടകം മണ്ണിട്ട് അടച്ചത്.