ദില്ലി: മെയ് 16 ന് ശേഷം ഒരു കൊവിഡ് 19 കേസുപോലും ഇന്ത്യയിലുണ്ടാകില്ലെന്ന നിതി ആയോഗിന്‍റെ പ്രവചനത്തെ പരിഹസിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിതി ആയോഗ് പുറത്തുവിട്ട ഗ്രാഫ് സഹിതം ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പരിഹാസം. മെയ് 16 ന് കൊവിഡ് കേസുകള്‍ പൂജ്യം ആകുമെന്നാണ് ഈ ഗ്രാഫ് പ്രവചിക്കുന്നത്. ഏപ്രില്‍ അവസാന ആഴ്ചയോടെ കൊവിഡ് കേസുകള്‍ ഉയരുകയും പിന്നീട് കുറഞ്ഞ് മെയ് 16 ന് പൂജ്യമാകുമെന്നുമാണ് ഗ്രാഫ് വ്യക്തമാക്കുന്നത്. 

''ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് നാളെ മുതല്‍ പുതിയ കൊവിഡ് 19 കേസുകള്‍ ഉണ്ടാകില്ലെന്നാണ് ദേശീയ ലോക്ക്ഡൗണിലൂടെ നിങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നത്.'' - മെയ് 15ന്  രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

ദേശീയ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം നാളെ അവസാനിക്കാനിരിക്കെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. രാജ്യത്ത് കൊവിഡ് വൈറസ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു. 

മുബൈയിൽ രോഗികളുടെ എണ്ണം 17,000 കടന്നതോടെ കൂടുതൽ ക്വാറന്‍റീൻ സൗകര്യം ഒരുക്കുകയാണ് മുംബൈ കോർപ്പറേഷൻ. മുംബൈ വാങ്കടെ ക്രിക്കറ്റ് സ്റ്റേഡിയം ക്വാറന്‍റീൻ സെന്‍ററാക്കും. സ്റ്റേഡിയത്തിന്‍റെ നിയന്ത്രണം ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കോർപ്പറേഷൻ നോട്ടീസ് നൽകി. അവശ്യ സേവനങ്ങൾക്കായി ജോലിക്ക് പോവേണ്ടവർക്ക് വേണ്ടി സബർബൻ ട്രെയിനുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

അതിനിടെ മുംബൈയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമിയാണ് ഗൊരേഗാവിൽ മരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തമല്ല.ലോക്ഡൗം തുടങ്ങിയതിന് ശേഷം വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.നഗരത്തിൽ ഡ്രൈവറാണ് അംബിസ്വാമി.