ദില്ലി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയോടുള്ള നിലപാടില്‍ നരേന്ദ്ര മോദി മലക്കം മറിഞ്ഞതില്‍ നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ നീക്കിവെച്ചതിലാണ് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞത്. അതോടൊപ്പം പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ച മോദിയുടെ പഴയ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. യുപിഎ കാലത്ത് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി നീക്കിവെച്ചതില്‍ നന്ദി. തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം മനസ്സിലാക്കിയതിനും പ്രോത്സാഹിപ്പിച്ചതിനും ഞങ്ങള്‍ കൃതജ്ഞത നിങ്ങളെ അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. മോദി യു ടേണ്‍ ഓണ്‍ എംഎന്‍ആര്‍ഇജിഎ എന്ന ഹാഷ് ടാഗിലായിരുന്നു(#ModiUturnOnMNREGA) രാഹുലിന്റെ ട്വീറ്റ്. 

2014ല്‍ അധികാരത്തിലേറിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മോദി തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമെന്നാണ് തൊഴിലുറപ്പ് ദ്ധതിയെ മോദി വിശേഷിപ്പിച്ചത്.