ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയെന്ന റിപ്പോർട്ടുകളിൽ ബിജെപിയുടെ രൂക്ഷ പരിഹാസം. ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ മടങ്ങിയെത്തിയെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചത്

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് അവധി നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശ യാത്രയിലാണെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി രൂക്ഷ പരിഹാസവുമായി ബി ജെ പി. രാഹുൽ നവരാത്രി അവധിയെടുത്ത് വിദേശയാത്രയിലാണെന്ന വാർത്തകൾ ശരിയാണെന്നാണ് ബി ജെ പി പറഞ്ഞുവയ്ക്കുന്നത്. ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ തിരിച്ചെത്തി എന്നാണ് ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചത്. രാഹുൽ വിദേശത്ത് എന്ത് ചെയ്യുകയാണെന്നും ബി ജെ പി ചോദിച്ചു. ജോലി ചെയ്യുന്നതിനെക്കാൾ കൂടുതൽ വിശ്രമിക്കുന്ന ആളാണ്, വോട്ട് മോഷ്ടാവ് എന്ന് വിളിച്ചു പറയുന്നതെന്നും ബി ജെ പി പരിഹസിച്ചു. അതേസമയം രാഹുൽ വിദേശത്താണെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ദസറ കഴിഞ്ഞ് പ്രക്ഷോഭം ശക്തമാകും

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. ദില്ലിയില്‍ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യാ സഖ്യം. ദസറക്ക് ഇടവേള നല്‍കിയുള്ള പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്‍ദ്ദേശം എം പിമാര്‍ക്ക് നല്‍കും. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എം പിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ദില്ലിയിലെത്തിക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27 ന് ദില്ലിയില്‍ സി പി ഐ മനുഷ്യ ചങ്ങലയും തീര്‍ക്കും. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചിരുന്നു. പോലീസ് അതിക്രമം വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ പോഡ് കാസ്റ്റില്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം