നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകർത്തുവെന്ന് രാഹുൽ ഗാന്ധി

ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്‍റിൽ ശബ്ദമുയർത്തുമെന്ന് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ വിദ്യാർത്ഥികളുടെ ശബ്ദമാകുമെന്നാണ് രാഹുൽ വ്യക്തമാക്കിയത്. അതിനിടെ നീറ്റ് വിവാദത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് എബിവിപിയും. എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് തീരുമാനം. 

നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപ് തന്നെ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിലൂടെ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകർത്തു എന്നാണ് സോഷ്യൽ മീഡിയയിൽ രാഹുലിന്‍റെ പ്രതികരണം. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കും. ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ആറ് വിദ്യാർത്ഥികൾ മുഴുവൻ മാർക്കോടെ ഒന്നാമതെത്തി. സാങ്കേതികമായി സാധ്യമല്ലാത്ത മാർക്ക് പലർക്കും ലഭിച്ചു. എന്നാൽ പേപ്പർ ചോർച്ചയുടെ സാധ്യത സർക്കാർ തുടർച്ചയായി നിഷേധിക്കുന്നുവെന്ന് രാഹുൽ വിമർശിച്ചു. 

മാഫിയയുടെയും സർക്കാർ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ 'ചോദ്യപേപ്പർ ചോർച്ച വ്യവസായം' നേരിടാൻ കോൺഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് രാഹുൽ വ്യക്തമാക്കി. നിയമ നിർമാണത്തിലൂടെ ഈ പേപ്പർ ചോർച്ചയെ മറികടക്കും. തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ അനുവദിക്കാത്ത ഇന്ത്യ സഖ്യത്തിൽ യുവാക്കൾ വിശ്വാസം അർപ്പിച്ചെന്നും രാഹുൽ കുറിച്ചു.

നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പരാമ‍ർശം. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമേയം പാസാക്കി. നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

അതിനിടെ നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷാ ക്രമക്കേട് ആരോപണത്തിനിടെ 1,500-ലധികം വിദ്യാർത്ഥികള്‍ക്ക് നൽകിയ ഗ്രേസ് മാർക്ക് അവലോകനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം നാലംഗ പാനൽ രൂപീകരിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.

നീറ്റ് പരീക്ഷ ഒഴിവാക്കാൻ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്രത്തെ ഉപദേശിക്കണം: സ്റ്റാലിൻ

Scroll to load tweet…