ദില്ലി: ലോക്സഭ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് അമേഠി സന്ദർശിക്കും. അമേഠിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാ‌രുമായും മറ്റ് പാർട്ടി പ്രവർത്തകരുമായും നാളെ രാഹുൽ ചർച്ച നടത്തും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കാലിടറി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അൻപതിനായിരത്തിലേറെ വോട്ടുകൾക്കാണ് രാഹുൽ പരാജയപ്പെട്ടത്. 2004 മുതൽ തുടർച്ചയായി മൂന്ന് തവണ രാഹുൽ അമേഠിയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് സ്മൃതി ഇറാനിയെ രാഹുല്‍ പരാജയപ്പെടുത്തിയിരുന്നു.

നിലവിൽ വയനാട് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി. നാലര ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.