Asianet News MalayalamAsianet News Malayalam

കാണ്ഡഹാറില്‍ മസൂദിനെ കൈമാറിയത് അജിത് ദോവല്‍, മോദി ഏറ്റുപറയണം; ചിത്രങ്ങള്‍ സഹിതം രാഹുല്‍ ഗാന്ധി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷെ മുഹമ്മദ് തലവിന്‍ മസൂദ് അസ്ഹറിനെ  മോചിപ്പിച്ചതില്‍ മുഖ്യമ പങ്കുവഹിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണെന്നാണ് കോണ്‍ഗ്രസ്

rahul gandhi tweet on kandahar deal and alleged  current NSA ajith doval was the deal maker
Author
India, First Published Mar 11, 2019, 9:45 AM IST

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറിലെത്തിച്ച് മോചിപ്പിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

ദോവലിന്‍റെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവയ്ക്കുന്നു. നേരത്തെ തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്  തന്നെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മസൂദ് അസ്ഹറിനെ കൈമാറുന്ന സമയത്തെ ദൃശ്യങ്ങളില്‍ അജിത് ദോവലിനെ പ്രത്യേകം രേഖപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

'പ്രധാനമന്ത്രി നരേന്ദ്ര മോദീ താങ്കള്‍, പുല്‍വാമയില്‍ മരിച്ച ആ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടംബത്തോട് പറയൂ.. ആരാണ് അവരുടെ മരണത്തിന് കാരണമായ മസൂദ് അസറിനെ വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവലാണ് മസൂദിനെ വിട്ടയക്കാന്‍ ചുക്കാന്‍ പിടിച്ചതെന്നും കൈമാറിയതെന്നുകൂടി അവരോട് പറയൂ..'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ജയ്ഷെ തലവനായ മസൂദ് അസ്ഹര്‍ എന്ന ഭീകരനെ തടവില്‍ നിന്ന് മോചിപ്പിക്കാനായിരുന്നു 1999ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍. കാഠ്മണ്ഡു- ദില്ലി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കി 150ലധികം യാത്രക്കാരെ ബന്ധികളാക്കുകയായിരുന്നു.  തുടര്‍ന്ന് ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താക് അഹമ്മദ് എന്നിവരെ വിട്ടുകിട്ടണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടു. ഭീകരരെ കൈമാറി  ബന്ദികളെ മോചിപ്പിക്കാന്‍ അന്ന് വാജ്പേയ് സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. അന്ന് മസൂദ് ജയില്‍ മോചിതനായ ശേഷമായിരുന്നു ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ചത്.

Follow Us:
Download App:
  • android
  • ios