ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആശംസാ സന്ദേശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ' എന്നാണ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തത്. 

നിരവധി നേതാക്കളാണ് പ്രധാനമന്ത്രിക്ക് ആശംസയുമായി രം​ഗത്തെത്തുന്നത്. 'ജന്മദിനാശംസകൾ നേരുന്നു സർ. നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു' എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്. 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാള്‍. അതേസമയം, മോദിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20 വരെ നീളുന്ന സേവനവാര പരിപാടികളാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.