ദില്ലി: ആരോഗ്യസേതു ആപ്പിനെതിരെ കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രം​ഗത്ത്. ഒരു സ്വകാര്യ ഏജൻസിക്കാണ് ഇതിന്റെ നിയന്ത്രണ അവകാശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. അനുമതിയില്ലാതെ പൗരന്മാരെ നിരീക്ഷിക്കരുതെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നത്. ഹോട്ട്സ്‍പോട്ടിലെ കണ്ടൈന്‍മെന്‍റ് മേഖലകളിലുള്ളവര്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പ്രാദേശിക ഭരണകുടം ഉറപ്പാക്കണം. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോണ്‍ടാക്റ്റ് ട്രേസിങ്ങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു ആപ്പ്. ആപ്പ് പ്രവര്‍ത്തിക്കുക ഫോണ്‍ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ്. ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോയെന്ന് ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും.