ജയ്പൂർ: ​ജയ്പൂരിൽ നടക്കുന്ന ‘യുവ ആക്രോശ് റാലിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്ത് പ്രസംഗിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ചാണ് രാഹുൽ​ഗാന്ധി റാലിയിൽ പ്രസം​ഗിക്കുക. ''ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.

തൊഴിൽ അവസരങ്ങൾ വർദ്ധിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.'' റാലിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. വിവാദ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ലെന്നും രാജസ്ഥാനിലെ കോൺഗ്രസിന്റെ തലവനായ സച്ചിൻ പൈലറ്റ്  കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥ മൂലം വ്യാപാരികളും യുവാക്കളും കർഷകരും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരായി മാറിയിരിക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. ജനങ്ങളെ അവരുടെ പരാജയങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ വേണ്ടിയാണ് ബിജെപി ഭരണഘടനാ വിരുദ്ധ നിയമം (പൗരത്വ നിയമ ഭേദഗതി ) പാസാക്കിയത്.

പാർലമെന്റിൽ അവർ നടത്തിയ പ്രസ്താവനകൾ ആളുകളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും പാണ്ഡെ വിമര്‍ശിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചന രാഹുൽ ഗാന്ധി തുറന്നുകാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''രാജ്യത്തുടനീളമുള്ള യുവാക്കളും വിദ്യാർത്ഥികളും ആശയക്കുഴപ്പത്തിലാണ്. വിദ്യാസമ്പന്നരായിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ് യുവാക്കൾക്കുള്ളത്. സാമ്പത്തിക മേഖലെയെ പ്രതീക്ഷയോടെ നോക്കിക്കാണാൻ‌ അവർക്ക് സാധിക്കുന്നില്ല. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയെ വരുന്ന ബജറ്റിലൂടെ എങ്ങനെ മറികടക്കുമെന്ന് യുവാക്കൾ കേന്ദ്ര സർക്കാരിനോട് ചോദിക്കേണ്ടിയിരിക്കുന്നു.'' പാണ്ഡെ പറഞ്ഞു. 

എന്നാൽ ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കാനാണ് കോൺ​ഗ്രസ് റാലി സംഘടിപ്പിക്കുന്നതെന്നും സമൂഹത്തിലെ ഒരു വിഭാഗം മാത്രമേ ഇതിനെ പിന്തുണയ്ക്കുന്നുള്ളൂവെന്നും ബിജെപി വക്താവ് മുകേഷ് പരീക്ക് പറഞ്ഞു. ജനങ്ങൾ കോൺഗ്രസിനെയോ അവരുടെ നേതാക്കളെയോ അംഗീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.