Asianet News MalayalamAsianet News Malayalam

'വാ​ഗ്ദാനം രാമരാജ്യം, ഇപ്പോൾ ​ഗുണ്ടാരാജ്'; യുപി മാധ്യമപ്രവർത്തകന്‍റെ കൊലയിൽ രാഹുൽ

ഉത്തർപ്രദേശിൽ ​ഗുണ്ടാരാജാണ് നടക്കുന്നത്. രാമരാജ്യമാണ് യോ​ഗി ആ​ദിത്യനാഥ് സർക്കാർ വാ​ഗ്ദാനം ചെയ്തത്, എന്നാൽ നൽകിയത് ​ഗുണ്ടാരാജാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. 

rahul tweet against up government on journalist murder
Author
Uttar Pradesh, First Published Jul 22, 2020, 10:13 AM IST

ദില്ലി: ​ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ഉത്തർപ്രദേശിൽ ​ഗുണ്ടാരാജാണ് നടക്കുന്നത്. രാമരാജ്യമാണ് യോ​ഗി ആ​ദിത്യനാഥ് സർക്കാർ വാ​ഗ്ദാനം ചെയ്തത്, എന്നാൽ നൽകിയത് ​ഗുണ്ടാരാജാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. 

ഗാസിയാബാദിൽ അക്രമി സംഘത്തിൻ്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ വിക്രം ജോഷി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ  കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടർന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മർദ്ദിച്ചു. തുടർന്ന്  കാറിനോട് ചേർത്ത് വച്ച് തലയ്ക്ക് വെടിവച്ചു. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാൻ പെണ്‍കുട്ടികൾ  സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 

തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച പ്രതികൾക്കെതിരെ വിക്രം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ്  കേസ് എടുത്തിരുന്നില്ല. ആക്രമണത്തിൽ പ്രതിഷേധം ഉയർന്നതോടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തിൽ ഒമ്പത് പേരെ യുപി പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർ ഉൾപ്പടെ ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.  ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി യുപി പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios