ദില്ലി: റെയിൽവേയിൽ വൻ ഘടനാമാറ്റത്തിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭായോഗം. എട്ടു വ്യത്യസ്ത സർവീസുകളിലേക്കാണ് ഇപ്പോൾ റെയിൽവേ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്. ഇത് ഇന്ത്യൻ റെയിൽവേ മാനേജ്മെന്‍റ് സർവീസ് എന്ന പേരില്‍ ഒറ്റ സർവീസാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. 

നിലവിൽ റെയിൽബോർഡിൽ എട്ടംഗങ്ങൾ ഉള്ളത് അഞ്ചായി വെട്ടിക്കുറയ്ക്കും. റെയിൽവേയുടെ വിവിധ വകുപ്പുകൾ ചേർത്ത് അഞ്ച് വകുപ്പുകളായി ചുരുക്കി സമഗ്രമായ ഭരണപരിഷ്കാരം കൊണ്ടുവരുമെന്ന് കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. 2021-ലെ സിവിൽ സർവീസ് പരീക്ഷ മുതലാകും റെയിൽവേ മാനേജ്മെന്‍റ് സർവീസസിലേക്കുള്ള റിക്രൂട്ട്മെന്‍റ് തുടങ്ങുക. റെയിൽവേ ബോർഡ് ചെയർമാൻ ഇനി റെയിൽബോർഡ് സിഇഒ ആയി മാറും. റെയിൽവേയിൽ നിന്ന് നാലു അംഗങ്ങളും ചില സ്വതന്ത്ര അംഗങ്ങളും ബോർഡിലുണ്ടാകും. 

നിലവിൽ ട്രാഫിക്, റോളിങ് സ്റ്റോക്, ട്രാക്ഷൻ, എഞ്ചിനീയറിംഗ് എന്നീ വകുപ്പുകൾക്ക് നേതൃത്വം നൽകാൻ റെയിൽബോർഡിൽ അംഗങ്ങളുണ്ട്. ഇവയെല്ലാം ചേർത്ത് ഓപ്പറേഷൻ (പ്രവർത്തനസമിതി), ബിസിനസ് ഡെവലെപ്മെന്‍റ് (ബിസിനസ് വികസനം), ഇൻഫ്രാ സ്ട്രക്ചർ (സൗകര്യവികസനം), ഫിനാൻസ് (ധനകാര്യം) എന്നീ നാല് വിഭാഗങ്ങളാക്കി ചുരുക്കും. ഇതോടൊപ്പം, നിലവിലുള്ള എട്ട് ഗ്രൂപ്പ് എ സർവീസുകളെ - എഞ്ചിനീയറിംഗ്, ട്രാഫിക്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ - എന്നിവയെല്ലാം ചേർത്താണ് ഇന്ത്യൻ റെയിൽവേ മാനേജ്മെന്‍റ് സർവീസസ് എന്ന ഒറ്റ സർവീസാക്കി മാറ്റുക.

പല തട്ടുകളായി തിരിഞ്ഞുള്ള റെയിൽവേയുടെ പ്രവർത്തനരീതി ഏകോപിപ്പിക്കാൻ ഇത് വഴി കഴിയുമെന്നും, ഇത് വഴി പ്രവർത്തനം കുറച്ചുകൂടി സുഗമമാകുമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. 

റെയിൽവേയുടെ സമഗ്രപരിഷ്കരണത്തിന് ഇത് വഴി കഴിയുമെന്നും, ഇത് നേരത്തേ മുതൽ നിരവധി സമിതികൾ ശുപാർശ ചെയ്തതാണെന്നും മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഈ നീക്കത്തിന് റെയിൽവേയുടെ ഉദ്യോഗസ്ഥരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. 

2015-ലാണ് റെയിൽബോർഡ് പൊളിച്ചു പണിയാനുള്ള ശുപാർശ ബിബേക് ദെബ്റോയ് സമിതി ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. വിവിധ വകുപ്പുകളായി തിരിഞ്ഞുള്ള റെയിൽവേയുടെ പ്രവർത്തനം ആകെ മൊത്തം ഏകോപനം അവതാളത്തിലാക്കുന്നുവെന്നും റെയിൽവേ വികസനത്തിനുള്ള വേഗം കുറയ്ക്കുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.