മുംബൈ: ഓട്ടിസം ബാധിച്ച മൂന്നര വയസായ മകന് കൊടുക്കാൻ ഒട്ടക പാൽ ലഭിക്കുന്നില്ലെന്ന യുവതിയുടെ പരാതിക്ക് ഒടുവിൽ പരിഹാ​രം. റെയിൽവേ ഉദ്യോഗസ്ഥരാണ് രേണു കുമാരി എന്ന യുവതിക്ക് 20 ലിറ്റർ ഒട്ടക പാൽ എത്തിച്ചു നൽകിയത്. ട്രെയിൻ വഴിയാണ് മുംബൈ സ്വദേശിയായ രേണുവിന് റെയിൽവേ ഉദ്യോഗസ്ഥർ പാൽ എത്തിച്ചു നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പശു, ആട്, പോത്ത് എന്നിവയുടെ പാൽ മകന് അലർജി ആണെന്നും ഒട്ടക പാൽ മാത്രമേ കുടിക്കുകയുള്ളുവെന്നും കാണിച്ച് രേണു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ ഉദ്യോ​ഗസ്ഥരുടെ ഇടപടൽ.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒട്ടക പാൽ ലഭിക്കുന്നത് കുറവാണ്. രാജസ്ഥാനിൽ നിന്ന് ഒട്ടക പാലോ പാൽപ്പൊടിയോ എത്തിച്ചു തരണമെന്നും രേണു ട്വീറ്റിലൂടെ ആവശ്യപ്പട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്ര രാജസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫുഡ് കമ്പനിയായ അദ്വിക് ഫുഡുമായി ബന്ധപ്പെടുകയും യുവതിയുടെ ആവശ്യം അറിയിക്കുകയും ചെയ്തു.

പിന്നാലെ ബോത്രയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട നോർത്ത്-വെസ്റ്റ് റെയിൽ‌വേ സി‌പി‌ടി‌എം, എസ്. തരുൺ ജെയിൻ പാലെത്തിക്കുന്നതിന് മുൻകൈയെടുത്തു. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥനുമായി തരുൺ സംസാരിക്കുകയും പാൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഫാൽനയിൽ നിന്നുമാണ് പാൽ ശേഖരിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു