ദില്ലി: ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനം വരാനിരിക്കെ, കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന് ആദ്യ ഘട്ടത്തില്‍ 400 ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് മൂന്നിനുള്ളില്‍ വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  ഒരു ട്രെയിനില്‍ 1000 യാത്രക്കാരുമായി പ്രതിദിനം 400 ട്രെയിനുകള്‍ ഓടിയ്ക്കാനാണ് പദ്ധതി.

കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബസ് മാര്‍ഗം തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ബസ് യാത്രയിലെ പ്രായോഗിക ബുദ്ധിമുട്ട് കേരളം ചൂണ്ടിക്കാട്ടിയിരുന്നു.

നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളായിരിക്കും ഉപയോഗിക്കുക. സാമൂഹിക അകലം, ഭക്ഷണം, ചികിത്സ സൗകര്യം എന്നിവ ഒരുക്കിയായിരിക്കും യാത്രാസംവിധാനം ഒരുക്കുക. രണ്ടാം ഘട്ടത്തില്‍ 1000 ട്രെയിനുകള്‍ കൂടി അനുവദിക്കും. 

രാജസ്ഥാനില്‍ 40000 കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ദില്ലിയില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങിയെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം 3.60 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.