ദില്ലി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4286 ശ്രമിക് ട്രെയിനുകളിലായി 58 ലക്ഷം അതിഥി തൊഴിലാളികളെ സ്വദേശങ്ങളില്‍ തിരിച്ചെത്തിച്ചെന്ന് റെയില്‍വേ. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 56 വീതം ശ്രമിക് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തിയത്. സർവീസ് നടത്തുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണം കുറഞ്ഞെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. 

തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികളെയും നാട്ടിലെത്തിക്കാൻ 15 ദിവസത്തിൽ നടപടി ഉണ്ടാകണമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചൊവ്വാഴ്ച ഉത്തരവിറക്കും. കേരളത്തിലുള്ള തൊഴിലാളികളിൽ 1,20,000 പേരാണ് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നത്. ബാക്കിയുള്ള 1,61,000 പേര്‍ക്ക് സംസ്ഥാനത്ത്  തുടരാനാണ് താല്‍പ്പര്യമെന്ന് കേരളം അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം
അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് നേരത്തെ തീരുമാനിച്ച കാര്യമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.