കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസിന്റെ 440.42 കോടി രൂപയുടെ ബാങ്ക് നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പാർട്ടി ഫണ്ട് ഉപയോഗിച്ച് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങി അവ തിരികെ പാർട്ടിക്ക് തന്നെ വാടകയ്ക്ക് നൽകിയെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നിർണായക നടപടി
കൊൽക്കത്ത: കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള 440.42 കോടി രൂപയുടെ നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കൊൽക്കത്ത ആസ്ഥാനമായി ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ നിർണായക നടപടി.
ടിഎംസിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും പിന്നീട് ടിഎംസിക്ക് തന്നെ തന്നെ വാടകയ്ക്ക് നൽകിയ ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ 'കെയർവെൽ ഏവിയേഷൻ' കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും മാറ്റിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ തുകയിൽ നിന്ന് 82.96 കോടി രൂപ പുതിയതായി രൂപീകരിച്ച മറ്റൊരു ഷെൽ കമ്പനിയിലേക്ക് വകമാറ്റിയതായും അന്വേഷണസംഘം പറയുന്നു. ആകെ 112 കോടി രൂപ ചിലവഴിച്ച് ഒരു 'എംബ്രായർ ലെഗസി 600 വിമാനവും 'അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ' ഹെലികോപ്റ്ററും വാങ്ങിയതായി ഇ.ഡി വ്യക്തമാക്കി. ഇതിൽ ഹെലികോപ്റ്റർ വാങ്ങാനായി കേമാൻ ഐലൻഡ്സ് ആസ്ഥാനമായുള്ള ഒരു വിദേശ കമ്പനിയിൽ നിന്ന് 1.7 മില്യൺ ഡോളർ ഈട് രഹിത വായ്പയായി സംഘടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഈ വിമാനവും ഹെലികോപ്റ്ററും തൃണമൂൽ പാർട്ടിയുടെ ആവശ്യത്തിനായി വിട്ടുകൊടുത്തെന്നാണ് ആരോപണം.
തൃണമൂൽ കോൺഗ്രസ് വിമത നേതാക്കൾ പാർട്ടി ഫണ്ടിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് ഇഡി ഈ നീക്കം ആരംഭിച്ചത്. വിമത വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിച്ചതെങ്കിലും ഇഡി കള്ളപ്പണ നിരോധന നിയമ പ്രകാരം അന്വേഷണം തുടങ്ങുകയായിരുന്നു. അതേസമയം ഇ.ഡിയുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതവും അന്യായവുമാണെന്ന് മമത ബാനർജിക്ക് ഒപ്പമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. പാർട്ടിയുടെ ഫണ്ടുകളെല്ലാം പൂർണ്ണമായും നിയമപരവും സുതാര്യവുമാണെന്നും, ലഭിച്ച എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിനും കൃത്യമായി സമർപ്പിച്ചിട്ടുള്ളതാണെന്നും ടി.എം.സി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അവർ ആരോപിച്ചു.


