മൂന്നാ‌ർ: രാജമല പെട്ടിമുടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ട് വയസുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് വരെ 56 മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും 14 പേരെ കൂടി കണ്ടെത്താനുണ്ട്. അപകടം നടന്ന് എട്ടാം ദിവസമാണ് ഇന്ന്. കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ് ദൗത്യസംഘം. പുഴയിൽ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളിൽ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നു.

ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദർശിച്ചിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തത്തിനിരയായവർക്ക് കൂടുതൽ ധനസഹായം നൽകില്ലെന്നും അറിയിച്ചിരുന്നു.