ജയ്പൂര്‍: രാഷ്ട്രീയക്കാരനെ പോലെയല്ല ബോളിവു‍ഡ് നടനെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. രാജസ്ഥാനിൽ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഗെലോട്ട് മോദിയെ പരിഹസിച്ചത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയക്കാരനെ പോലെയല്ല മറിച്ച് ബോളിവു‍ഡ് നടനെ പോലെയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന് ജോലിയല്ല, വാചകമടിയാണ് കൂടുതൽ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ബിജെപി മറന്നു കഴിഞ്ഞു'- അശോക് ഗെലോട്ട് പറഞ്ഞു

ആര്‍ എസ് എസും ബിജെപിയും ഗൂഢാലോചനകള്‍ നടത്തി സമൂഹമാധ്യമങ്ങളിലൂടെ കോൺ​ഗ്രസിനെതിരെ കിംവാദന്തികൾ പ്രചരിപ്പിക്കുകയാണെന്നും മികച്ച പഴയ പാർട്ടിക്ക് വോട്ട് ചെയ്യാൻ ജനങ്ങൾ മനസ്സിനെ തിട്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാദ് പാണ്ഡെ, രാജസ്ഥാൻ ആരോഗ്യ മന്ത്രി രഘു ശർമ്മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസാര, മുൻ നിയമസഭാ സ്പീക്കർ ദേവീന്ദ്ര സിംഗ് ശെഖാവത്ത്, മുൻ കേന്ദ്രമന്ത്രി സുഭാഷ് മെഹരിയ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.