ജയ്പുർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ എംഎൽഎമാർക്കൊപ്പം പാട്ടുപാടി മുഖ്യമന്ത്രി അശോക് ഗെലോട്ട്. എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ജയ്പൂരിലെ ഹോട്ടലിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഗെലോട്ട്. ഇന്നലെയും ഗെലോട്ട് എംഎൽഎമാർക്കൊപ്പം പാട്ട് പാടി സമയം ചെലവഴിച്ചിരുന്നു. തന്നെ പിന്തുണയ്ക്കുന്ന 102 എംഎൽഎമാരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ഗെലോട്ട് ഗവർണ്ണർക്ക് കൈമാറിയത്.

അതിനിടെ ബിജെപിയെ പിന്തുണയ്ക്കാൻ പണം വാഗ്ദാ​ഗാനം ചെയ്തു എന്ന ആരോപണവുമായി കോൺ​ഗ്രസും മറുപടിയുമായി സച്ചിൻ പൈലറ്റും രംഗത്തെത്തി. കോൺ​ഗ്രസ് എംഎൽഎയായ ഗിരിരാജ് സിം​ഗ് മലിംഗയാണ് സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ സച്ചിൻ പണം വാഗ്ദാനം ചെയ്തെന്നാണ് മലിം​ഗ ആരോപിച്ചത്. ഈ വാഗ്ദാനം താൻ നിരസിച്ചു. സച്ചിൻ പൈലറ്റ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്ന് തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചിരുന്നുവെന്നും മലിംഗ പറഞ്ഞിരുന്നു

താൻ പണം വാ​ഗ്ദാനം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്തരം ആരോപണങ്ങൾ വേദനിപ്പിച്ചു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണങ്ങൾക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.