രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറുമാസം മുമ്പ് വിവാഹിതരായ സത്‌വീന്ദർ സിംഗ്, മൂന്ന് മാസം ഗർഭിണിയായിരുന്ന ഭാര്യ അമൻദീപ് കൗർ എന്നിവരാണ് മരിച്ചത്. ജൂലൈ 17-നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇത് ആത്മഹത്യയല്ലെന്നും കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ബിജ്‌നോർ സ്വദേശിയായ അമൻദീപ് കഴിഞ്ഞ 15 ദിവസമായി സ്വന്തം വീട്ടിലായിരുന്നു. ജൂലൈ 15-നാണ് ഭർത്താവ് സത്‌വീന്ദർ ഇവരെ തിരികെ കൊണ്ടുപോകാനായി ബിജ്‌നോറിൽ എത്തിയത്. ജൂലൈ 16-ന് മൊബൈൽ ഫോൺ നന്നാക്കാനായി ഇരുവരും ബൈക്കിൽ കോട്ദ്വാറിലേക്ക് പോയി. എന്നാൽ വൈകുന്നേരമായിട്ടും ഇവർ തിരിച്ചെത്തിയില്ല. ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
ജൂലൈ 17-ന് പ്രേംനഗറിന് സമീപം റോഡരികിൽ ചാവി ഊരാത്ത നിലയിൽ ഒരു ബൈക്കും അതിൽ ഒരു സ്ത്രീയുടെ ബാഗും നാട്ടുകാർ കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് വനത്തിൽ നടത്തിയ തിരച്ചിലിലാണ് പുലർച്ചെ ഒരു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സത്‌വീന്ദറിന്റെ മൃതദേഹം അമൻദീപിന്റെ ദുപ്പട്ടയിലും, അമൻദീപിന്റെ മൃതദേഹം സത്‌വീന്ദറിന്റെ തലപ്പാവിലും തൂക്കിയ നിലയിലായിരുന്നു.
ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. അതിനുള്ള കാരണങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നത് മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ഇരുവർക്കും മുട്ടുകുത്തിയ നിലയിലായിരുന്നെന്നും മൃതദേഹങ്ങൾ തൂങ്ങിനിന്ന മരച്ചില്ല വളരെ ചെറുതും താഴ്ന്നതുമായിരുന്നു. അതുകൊണ്ട് തന്നെ അവിടെയൊരു ആത്മഹത്യ സാധ്യമല്ല. അമൻദീപിന്റെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റതായും അവർ കൂട്ടബലാത്സംഗത്തിന് ഇരയായതായുമാണ്. കൂടാതെ, സത്‌വീന്ദറിന്‍റെ ശരീരത്തിലും ക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ദമ്പതികളുടെ ആഭരണങ്ങളോ പണമോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. അക്രമികൾ ഇവരുടെ മൊബൈൽ ഫോൺ തകർത്ത ശേഷമാണ് കടന്നുകളഞ്ഞത് എന്നും കുടുംബം ആരോപിക്കുന്നു.
ശനിയാഴ്ച നൗഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചപ്പോൾ, നാട്ടുകാരും കുടുംബവും ചേർന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പോലീസ് നിയമപരമായ അന്വേഷണം ഉറപ്പുനൽകിയെങ്കിലും, രണ്ടാമത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമ്മതിക്കാതെ കുടുംബം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോവുകയും സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



