ജയ്‌പൂർ: രാജസ്ഥാനിൽ ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഇടയിലെ തർക്കം പൊട്ടിത്തെറിയിലേക്ക്.  വേണ്ടിവന്നാൽ ദില്ലിയിലെത്തി രാഷ്ട്രപതി ഭവന് മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും സമരം നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നറിയിപ്പ് നൽകി. എംഎൽഎമാരെ പൂട്ടിയിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കൽരാജ് മിശ്ര കത്തു നൽകിയതിന് പിന്നാലെ ഗെലോട്ട് വീണ്ടും നിയമസഭ കക്ഷി യോഗം വിളിച്ചു.

നിയമസഭ സമ്മേളനം വിളിക്കാൻ ഗവര്‍ണര്‍ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധം ദില്ലിയിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് നൽകുന്നത്. ജയ്‌പൂരിലെ റിസോര്‍ട്ടിൽ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ വച്ച് മുഖ്യമന്ത്രി തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവർത്തിച്ചു. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണാൻ ദില്ലിയിലേക്കെത്തുമെന്നും രാഷ്ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണകൾ നടത്തുമെന്നും ഗെലോട്ട് വ്യക്തമാക്കി.

നിയമസഭ കക്ഷി യോഗത്തിന് ശേഷം, ഗെലോട്ട് മന്ത്രിസഭാ യോഗവും വിളിച്ചു. എംഎൽഎമാരെ നിരത്തി രാജ്ഭവനിൽ  പ്രതിഷേധിച്ച അശോക് ഗലോട്ടിനെതിരെ ഗവർണ്ണറും പരസ്യനീക്കം തുടങ്ങി. ഭൂരിപക്ഷം ഉണ്ടെങ്കിൽ സമ്മേളനം എന്തിനെന്നാണ് ഗവർണറുടെ ചോദ്യം. കൊവിഡ് പ്രോട്ടോക്കോൾ എങ്ങനെ പാലിക്കും, അടിയന്തര സമ്മേളനത്തിന്റെ സാഹചര്യമെന്ത് തുടങ്ങിയ ചോദ്യങ്ങളും ഗവർണ്ണർ മുഖ്യമന്ത്രിക്ക് നല്കിയ കത്തിൽ ഉന്നയിച്ചു. എംഎൽഎമാരെ അടച്ചിടരുതെന്നും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചതിലൂടെ ഗവർണ്ണർ രാഷ്ട്രീയപ്രതിസന്ധിയിൽ തൻറെ നിലപാടെന്തെന്ന സൂചനയും നല്കി. 

ഇന്ന് വൈകീട്ട് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്ക് ഗവര്‍ണര്‍ കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ഇതോടെ കോണ്‍ഗ്രസ് ഉയര്‍ത്തി. സ്വതന്ത്രരടക്കം 102 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അശോക് ഗെലോട്ടിന്‍റെ അവകാശവാദം. കോടതി തീരുമാനത്തിന് ശേഷമേ അടുത്ത നീക്കമുള്ളൂവെന്നാണ് സച്ചിൻ പൈലറ്റ് ക്യാംപിന്റെ പ്രതികരണം. തിങ്കളാഴ്ച കേസ് വീണ്ടും സുപ്രീംകോടതിയിൽ എത്തുമ്പോൾ സംസ്ഥാനത്തെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.