സ്വത്ത് സംബന്ധമായ തർക്കം മൂലമാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
ജയ്പൂർ: ദലിത് യുവാവിനെക്കൊണ്ട് നിർബന്ധിപ്പിച്ച് ഷൂ നക്കിച്ച സംഭവത്തിൽ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎക്കെതിരെ കേസ്. കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഭീഷണിപ്പെടുത്തി എംഎൽഎയുടെ ചെരുപ്പ് നക്കിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ ദലിത് യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് കേസ്. തന്റെ പരാതി പൊലീസ് അവഗണിച്ചെന്ന് യുവാവ് ആരോപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ, സ്വത്ത് സംബന്ധമായ തർക്കം മൂലമാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. എനിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമാണിത്. അനധികൃത ഭൂമി കയ്യേറ്റത്തിൽ അവരെ സഹായിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത ആളെ എനിക്കറിയില്ലെന്നും മീണ പറഞ്ഞു. ജൂൺ 30 ന് കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തന്നെ പൊലീസ് പൊക്കിയെടുത്ത് കൊണ്ടുവരികയും എംഎൽഎ ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിക്കാരൻ ആരോപിച്ചു. ശേഷം സർക്കിൾ ഓഫീസർ ശിവ്കുമാർ ഭരദ്വാജ് ദേഹത്ത് മൂത്രമൊഴിച്ചതായും പരാതിക്കാരൻ ആരോപിച്ചു.
ജാംവ രാംഗഡ് ജൂലൈ 27 ന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം സിഐഡിക്ക് (സിബി) അയച്ചതായും എസ്എച്ച്ഒ സീതാറാം സൈനി പറഞ്ഞു. എഫ്‌ഐആറിൽ സർക്കിൾ ഓഫീസറെ കൂടാതെ നാല് പോലീസ് സ്‌റ്റേഷനുകളിലെ എസ്‌എച്ച്‌ഒമാരുടെ പേരുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
