ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍, കേരളത്തിലെ പോലെ രാജസ്ഥാനിലും നേര്‍ക്കുനേര്‍ പോരാട്ടമാണ്

ജയ്‌പൂർ: ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം നീക്കം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രാജസ്ഥാനില്‍ സിപിഎമ്മിന്റെ മത്സരം. ഇന്ത്യ സഖ്യം ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപിക്ക് തുല്യം വര്‍ഗീയ നിലപാടുകളാണ് കോണ്‍ഗ്രസിന്‍റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ അംറാറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അംറാറാം അടക്കം 17 സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം ഇക്കുറി നിര്‍ത്തിയിരിക്കുന്നത്.

ജയ്പൂരില്‍ നിന്ന് 200 കിലോമീറ്റർ അകലെയാണ് ദാന്താറാം ഗഡ് മണ്ഡലം. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. രാത്രി വളരെ വൈകിയും പ്രചാരണത്തിലാണ് സംസ്ഥാന സെക്രട്ടറിയും, സ്ഥാനാര്‍ത്ഥിയുമായ അംറാറാം. 72കാരനായ അംറാറാമിനെ കേള്‍ക്കാന്‍ തണുപ്പിനെയും ഇരുട്ടിനെയുമൊക്ക അവഗണിച്ച് സ്ത്രീകളും കുട്ടികളും കാത്തിരിക്കുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ദളിതുകള്‍ക്കും, ആദിവാസികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അംറാറാം എണ്ണമിട്ട് പറയുകയാണ്. ബിജെപിയുടെ ചുവട് പിടിച്ച് കോണ്‍ഗ്രസും വര്‍ഗീയത ആയുധമാക്കുന്നുവെന്ന ആക്ഷേപമുയര്‍ത്തുന്നു. 

ബിജെപി എങ്ങനെയാണോ അതുപോലെയാണ് കോണ്‍ഗ്രസുമെന്ന് അംറാറാം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വര്‍ഗീയത അവര്‍ ഇവിടെ ആയുധമാക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ രാജസ്ഥാനില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. സഖ്യനീക്കങ്ങളോട് കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന് അംറാറാം കുറ്റപ്പെടുത്തുന്നു. അഞ്ച് മാസം കഴിയുമ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കും. അപ്പോള്‍ സഖ്യം യാഥാര്‍ത്ഥ്യമാകും. ഇവിടെ കോണ്‍ഗ്രസിന്‍റെ ദളിത് വിരുദ്ധ, വര്‍ഗീയ നിലപാടുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും അംറാറാം വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതാണ് അംറാറാം. ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് നിന്നാണ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയതെന്നാണ് അംറാറാമിന്റെ വിമർശനം. സംസ്ഥാനത്ത് നാല് തവണ എംഎല്‍എയായ അംറാറാം നിലവിൽ അഖിലേന്ത്യാ കിസാന്‍ സഭ ഉപാധ്യക്ഷനാണ്. കിസാന്‍ സഭ അധ്യക്ഷനായിരുന്നപ്പോള്‍ താങ്ങുവിലയടക്കം ആവശ്യങ്ങളുയര്‍ത്തി അംറാറാമിന്‍റെ നേതൃത്വത്തില്‍ സികാര്‍ ജില്ലയില്‍ നടന്ന കര്‍ഷക പ്രക്ഷോഭം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്