ജയ്പുര്‍: 'ഹരിജന്‍' എന്ന വിളി ഭരണഘടനാ വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ്. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ നിര്‍ദ്ദേശം.

'ഹരിജന്‍ ബസ്തി', 'ഹരിജന്‍ മൊഹല്ല' എന്നിങ്ങനെ സംസ്ഥാനത്ത് ഇപ്പോഴും 'ഹരിജന്‍' (ദളിത്) എന്ന വാക്കിനൊപ്പം അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.  ഇങ്ങനെയുള്ള സ്കൂളുകളുടെ പട്ടിക മൂന്ന് ദിവസത്തിനകം തയ്യാറാക്കണമെന്നും റെക്കോര്‍ഡുകളില്‍ പേര് തിരുത്തിയ ശേഷം പുതുക്കിയ പട്ടിക തിരികെ അയയ്ക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും  സമഗ്ര ശിക്ഷാ അഭിയാന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

ദളിത് വിഭാഗത്തില്‍പ്പെട്ടവരെ അഭിസംബോധന ചെയ്യാനായാണ് 1932 -ല്‍ ഗാന്ധിജി 'ഹരിജന്‍' എന്ന വാക്കുപയോഗിച്ചത്. 'ഹരിജന്‍' എന്ന വാക്ക് ഉപയോഗിക്കുന്നത് അവഹേളനമാണെന്ന്  2017-ല്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.