രാജസ്ഥാനിലെ ജയ്പുർ, ജോധ്പുർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് നടന്നത്. ജയ്പുർ-ദില്ലി ദേശീയപാതയും പ്രതിഷേധക്കാർ ഉപരോധിച്ചു. 

ജയ്പൂർ: അഗ്നിപഥ് പദ്ധതി പിൻവലിക്കാനാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ ഏകകണ്ഠമായി പ്രമേയം പാസാക്കി. ‌മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് അഗ്നിപഥ് പദ്ധതിക്കെതിരെ (Agnipath scheme) പ്രമേയം പാസാക്കിയത്. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചർച്ച നടത്തേണ്ടതായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയ്പുർ, ജോധ്പുർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് നടന്നത്. ജയ്പുർ-ദില്ലി ദേശീയപാതയും പ്രതിഷേധക്കാർ ഉപരോധിച്ചു.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനും പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്താകമാനമുള്ള പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ട്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണം. പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ‍്ധരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും രാജ്യതാൽപര്യം കണക്കിലെടുക്കണം എന്നും പ്രധാനമന്ത്രിക്കയച്ച ട്വിറ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Scroll to load tweet…

അതേസമയം ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികള്‍ കേന്ദ്രം പ്രഖ്യാപിച്ചു.കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

Read More :  'അഗ്നിപഥിനെതിരെ യുവാക്കൾ തെരുവിലിറങ്ങും' : പദ്ധതിക്ക് കർഷക നിയമത്തിൻറെ ഗതിയാകുമെന്ന് സച്ചിൻ പൈലറ്റ്

വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.

പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്നാണ് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി പറയുന്നു. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. 

Read More : അ​ഗ്നിപഥ് : ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ സംഘർഷം, എ എ റഹിം എംപി അടക്കമുള്ള പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ്