വിമാന സർവീസുകൾ താളംതെറ്റിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ഇൻഡിഗോ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. മറ്റ് വിമാനക്കമ്പനികളിൽ നിന്ന് പരിചയസമ്പന്നരായ പൈലറ്റുമാരെയും ജീവനക്കാരെയും ആകർഷിക്കാൻ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി രംഗത്തെത്തിയിട്ടുണ്ട്
ദില്ലി: വിമാന സർവീസ് താളംതെറ്റിയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ഇൻഡിഗോയുടെ പുതിയ നീക്കം എതിരാളികൾക്ക് ശക്തമായ വെല്ലുവിളിയാകും. പുതിയ നിയമനങ്ങൾ മരവിപ്പിച്ച നടപടി പിൻവലിച്ച ഇൻഡിഗോ മറ്റ് കമ്പനികളിൽ നിന്ന് പരമാവധി പേരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ്. മറ്റ് വിമാനക്കമ്പനികളിൽ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ പൈലറ്റുമാരെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്ത് തങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ പരിഷ്‌കരിച്ചതിനെ തുടർന്നുണ്ടായ ആൾ ക്ഷാമമാണ് ഇൻഡിഗോയിലെ ജീവനക്കാരുടെ ജോലി ഭാരം പുറംലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം അനുവദിക്കുന്നതിനുമാണ് പുതിയ പരിഷ്‌കരണം കൊണ്ടുവന്നത്. ഇതിൽ രാത്രി ജോലി സമയം പുനക്രമീകരിച്ചതോടെയാണ് ഇൻഡിഗോ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്.
ഇൻഡിഗോ നിയമന നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനിയിലെ തന്നെ പൈലറ്റുമാരുടെ സംഘടനകളടക്കം ആരോപിച്ചിരുന്നു. ഇതോടെയാണ് എ320 വിമാനങ്ങളിലേക്ക് പുതിയ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചത്. 300 ക്യാപ്റ്റൻമാരെയും 600 ഫസ്റ്റ് ഓഫീസർമാരെയും അടുത്ത ഒരു വർഷത്തിനുള്ളിൽ നിയമിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇവരെ തങ്ങളുടെ ഭാഗമാക്കാൻ ഉയർന്ന ശമ്പളവും വാഗ്‌ദാനം ചെയ്യും.
കൊമ്പുകോർക്കാൻ എയർ ഇന്ത്യ, നോട്ടീസ് പിരീഡും പ്രതിസന്ധി
എയർ ഇന്ത്യയും അവരുടെ എ320, ബോയിംഗ് ബി737 വിമാനങ്ങൾക്കായി ഉടൻ പൈലറ്റ് റിക്രൂട്ട്മെൻ്റ് ഡ്രൈവ് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഈ രംഗത്ത് മത്സരം കടുത്തു. സാധാരണ തൊഴിലാളികളെ പോലെ പൈലറ്റുമാർക്ക് ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് ഉടൻ മാറാനാവില്ല. 12 മാസത്തെ നോട്ടീസ് പിരീഡാണ് ക്യാപ്റ്റന്മാർ കമ്പനി മാറ്റത്തിനായി പൂർത്തിയാക്കേണ്ടത്. കോ-പൈലറ്റുമാർക്ക് ഇത് 6 മാസമാണ്.
അതേസമയം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ എഫ്‌ടിഡിഎൽ നിബന്ധനകൾ നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ തത്കാലത്തേക്ക് നിർത്തിവച്ചിട്ടുണ്ട്. ഈ പരിഷ്കാരം നടപ്പാക്കാൻ 2 വർഷത്തോളം സമയം അനുവദിച്ചിട്ടും രാജ്യത്തെ വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വരുത്തിയ വീഴ്ച വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് തീരുമാനം. 2026 ഫെബ്രുവരി 10 വരെയാണ് ഈ ഇളവുകൾ നൽകിയിരിക്കുന്നത്. അതേസമയം വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്രം വെറുതെയിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡിഗോ സിഇഒയെ രണ്ട് തവണ വിളിപ്പിച്ച ഡിജിസിഎ, വിമാനക്കമ്പനിക്കെതിരെ എന്ത് നടപടിയെടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


