Asianet News MalayalamAsianet News Malayalam

സവർക്കറിന്റെ ക്ഷമാപണം ഇനി ചരിത്രപാഠം; തീരുമാനം രാജസ്ഥാൻ സർക്കാരിന്റേത്

ബിജെപി സർക്കാർ വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തിയ നിരവധി പാഠഭാഗങ്ങളാണ് പുതിയ അക്കാദമിക് വർഷത്തിന് മുൻപ് വെട്ടിമാറ്റുന്നത്

Rajasthan govt to include Veer Savarkar's apology in textbooks
Author
Jaipur, First Published May 15, 2019, 4:37 PM IST

ജയ്‌പൂർ: വീർ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് എഴുതി നൽകിയ മാപ്പപേക്ഷ വിദ്യാർത്ഥികളുടെ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ സിലബസ് റിവിഷൻ കമ്മിറ്റി രാജസ്ഥാൻ സർക്കാരിനോട് ശുപാർശ ചെയ്തു. ഈ നിർദ്ദേശം അംഗീകരിക്കുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബിജെപി സർക്കാർ സംസ്ഥാനത്തെ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ച പാഠഭാഗങ്ങൾ ഭൂരിഭാഗവും എടുത്തുകളഞ്ഞാണ് പുതിയവ ഉൾക്കൊള്ളിക്കുന്നത്.

സവർക്കറിന്റെ പേരിന് മുന്നിലെ 'വീർ' എന്ന പദം ഒഴിവാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലാണ് മാറ്റങ്ങൾ. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സവർക്കറാണെന്നും  1910 ൽ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത സവർക്കർ തന്റെ 50 വർഷത്തെ ജയിൽ ശിക്ഷ ഇളവ് ചെയ്ത് കിട്ടാൻ മാപ്പപേക്ഷിച്ചതും പാഠത്തിൽ ഉണ്ടാകും. രാജഭരണ കാലത്ത് യുദ്ധാനന്തരം തോൽക്കുന്ന വിഭാഗത്തിലെ സ്ത്രീകൾ കൂട്ടമായി ആത്മാഹൂതി ചെയ്യുന്ന ജോഹർ ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യും. 

ഇതൊരു സാധാരണ നടപടിക്രമമാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയത്. അതേസമയം ജോഹറിനെ സതിയോട് ഉപമിച്ച് പാഠഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം രാജസ്ഥാനിലെ രജപുത് സമുദായംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios