ജയ്‌പുർ: മൈ ലോർഡ് എന്ന് അഭിസംബോധന ചെയ്യുന്നത് നിർത്തണമെന്ന് അഭിഭാഷകരോട് രാജസ്ഥാൻ ഹൈക്കോടതി. യുവർ ലോർഡ്‌ഷിപ്പ് എന്ന അഭിസോബധനയും അവസാനിപ്പിക്കണമെന്ന് അഭിഭാഷകർക്ക് നൽകിയ നോട്ടീസിൽ കോടതി ആവശ്യപ്പെട്ടു.

ജൂലൈ 14 ന് ചേർന്ന ഫുൾ കോർട് യോഗത്തിലാണ് തീരുമാനം. ഭരണഘടനയിൽ അനുശാസിക്കുന്ന സമത്വമെന്ന മൂല്യത്തെ ബഹുമാനിക്കാനാണ് ഇത്തരമൊരു തീരുമാനം എന്നും ഈ കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസിൽ പറയുന്നു.

മുൻപ് 2014 ജനുവരിയിൽ തന്നെ ഇതിന് സമാനമായ പ്രസ്താവന സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കോടതിയിൽ ജഡ്‌ജിയെ മൈ ലോർഡ്, യുവർ ലോർഡ്‌ഷിപ്പ്, യുവർ ഓണർ എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന നിർബന്ധമില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

ഇതൊരു കൊളോണിയൽ കാലത്തെ പദപ്രയോഗമാണെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേട്ടപ്പോഴാണ്  സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. എന്നാൽ ഉത്തരവിറക്കാൻ പരമോന്നത കോടതി മടിച്ചു. അഭിഭാഷകരോട് എങ്ങിനെ അഭിസംബോധന ചെയ്യണമെന്ന് നിർബന്ധിക്കാൻ കഴിയില്ല എന്നാണ് കോടതി ഇതിന് വ്യക്തത നൽകിക്കൊണ്ട് പറഞ്ഞത്.