ജയ്പൂർ: സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജിയിൽ രാജസ്ഥാൻ ഹൈക്കോടതി രാവിലെ പത്തര മണിക്ക് വിധി പറയും. നിയമസഭ കൂടാതിരിക്കെ കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ സ്പീക്കര്‍ക്ക് അധികാരമില്ല എന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ വാദം. 

എംഎൽഎമാര്‍ക്കെതിരെ വിധി വരുന്നതുവരെ സ്പീക്കര്‍ നടപടിയെടുക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സ്പീക്കറുടെ അധികാരത്തിൽ ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയും ഇന്നലെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. ആ കേസിലെ തുടര്‍ വാദം തിങ്കളാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അതിനാൽ ഇന്ന് ഹൈക്കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും അത് സുപ്രീംകോടതി വിധിക്ക് ശേഷമേ നടപ്പാക്കാനാകൂ. അതുവരേക്ക് സച്ചിൻ പൈലറ്റ് വിഭാഗത്തിനെതിരെ സ്പീക്കര്‍ക്ക് നടപടിയെടുക്കാനും ആകില്ല.