ജയ്പൂര്‍: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടിക്ക് തുല്യമാണെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍. ലിവ് ഇന്‍ റിലേഷനുകള്‍ തെറ്റാണെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തണമെന്നും അതിനായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് താതിയയും മഹേഷ് ചന്ദ്ര ശര്‍മ്മയും ഉള്‍പ്പെടുന്ന ബെഞ്ച് ഉത്തരവിട്ടു. 

ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹത്തിന് തുല്യമായ മറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത്തരം ലിവ് ഇന്‍ റിലേഷനുകളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് അന്തസ്സുള്ള ജീവിതം നിഷേധിക്കപ്പെടുന്നെന്നും ലൈംഗികമായി മാത്രം ഉപയോഗിക്കപ്പെടുകയോ അല്ലെങ്കില്‍ അടിമയ്ക്ക് സമാനമായ രീതിയില്‍ ജീവിക്കുകയോ ചെയ്യുന്നുവെന്നും ബെഞ്ച് വിലയിരുത്തി. 

ലിവ് ഇന്‍ റിലേഷനുകള്‍ വ്യഖ്യാനിക്കണമെന്നും നിരവധി കേസുകള്‍ കോടതിക്ക് മുമ്പില്‍ എത്താറുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വെപ്പാട്ടികളെപ്പോലെ സ്ത്രീകളെ കാണുന്ന രീതി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ലിവ് ഇന്‍ റിലേഷനുകളിലുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണങ്ങള്‍ക്കായി നിയമനിര്‍മ്മാണത്തിന് വേണ്ടി പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള നിയമപാലകരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. 

അതേസമയം പെണ്‍മയിലുകളും ആണ്‍ മയിലുകളും ഇണചേരില്ലെന്നും മയിലുകളില്‍ സന്താന ഉത്പാദനം നടക്കുന്നത് ആണ്‍മയിലിന്‍റെ കണ്ണുനീര്‍ പെണ്‍മയില്‍ കുടിച്ചിട്ടാണെന്നും മഹേഷ് ചന്ദ്ര ശര്‍മ്മ മുമ്പ് പറഞ്ഞത് വലിയ വിവാദമായിരുന്നു.