ബില്ലിനെതിരെ പ്രതിഷേധമുയർത്തി ബിജെപി അം​ഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശൈശവവിവാഹ രജിസ്ട്രേഷന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം ബിൽ പിൻവലിക്കണെന്നും ആവശ്യപ്പെട്ടു. 

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍. ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ ഭേദഗതി. ശൈശവ വിവാഹത്തിന് നിയമസാധൂകരണം നല്‍കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

2009ലെ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിലാണ് ഭേദഗതി ബില്‍ വെള്ളിയാഴ്ച പാസ്സാക്കിയത്. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ വിവാഹം നടന്ന് 30 ദിവസത്തിനുള്ളില്‍ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കണമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. ബില്‍ പിന്‍വലിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യകതയെയും ബിജെപി ചോദ്യം ചെയ്തു. കറുത്ത ദിനമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നിയമസഭയുടെ ചരിത്രത്തില്‍ ഈ ബില്‍ കറുത്ത അധ്യായം രചിച്ചെന്ന് ബിജെപി എംഎല്‍എ അശോക് ലഹോട്ടി പറഞ്ഞു. 

ശൈശവ വിവാഹം നിയമ സാധുതയുള്ളതാണെന്ന് ബില്ലില്‍ ഒരിടത്തും പറയുന്നില്ലന്ന് രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ വ്യക്തമാക്കി. ശൈശവ വിവാഹത്തിന് സാധുതയുണ്ടെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ഭേദഗതിയില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാള്‍ക്ക് ഈ രേഖയുടെ അഭാവത്തില്‍ യാതൊരു സര്‍ക്കാന്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്ട്രേഷന്‍ ഓഫീസറെയും ബ്ലോക്ക് രജിസ്ട്രേഷന്‍ ഓഫിസറെയും നിയമിക്കും. നേരത്തെ വിവാഹ രജിസ്‌ട്രേഷന് ഡിഎംആര്‍ഒക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona