ചണ്ഡി​ഗഡ്: സച്ചിൻ പൈലറ്റിനെയും 18 വിമത എംഎൽഎമാരെയും ചൊവ്വാഴ്ച വരെ അയോ​ഗ്യരാക്കരുതെന്ന് സ്പീക്കറോട് രാജസ്ഥാൻ ഹൈക്കോടതി. സ്പീക്കർ നൽകിയ അയോ​ഗ്യതാ നോട്ടീസിനെതിരായ സച്ചിൻ പൈലറ്റിന്റെ ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. അതേസമയം, മനേസറിൽ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത് നാടകീയ രം​ഗങ്ങൾക്ക് കാരണമായി.

രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പാണ്  വിമത എംഎൽഎമാകെ കാണാനായി മനേസറിലെ ഹോട്ടലിലെത്തിയത്. എന്നാൽ, ഇവരെത്തിയ വാഹനം ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവിൽ, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തർക്കങ്ങൾക്കുമൊടുവിലാണ് രാജസ്ഥാൻ‌ പൊലീസിന് റിസോർട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്. 

 

അശോക് ​ഗെഹ്ലോട്ട് സർക്കാരിനെതിരെ പടനീക്കം നടത്തിയതിനെത്തുടർന്ന് വിമത എംഎൽഎമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടി. ഇതേക്കുറിച്ചുള്ള അന്വേഷണച്ചുമതലയാണ് സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിനുള്ളത്. 

കോൺ​ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിൽ നിന്ന് വിമത എംഎൽഎമാർ ബിജെപി ഭരണത്തിലുള്ള ഹരിയാനയിലെ റിസോർട്ടിലെത്തിയതിനു പിന്നിൽ ബിജെപിയുടെ കുത്സിത നീക്കമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിഷേധിച്ചു. ഹരിയാനയിലെ സ്വകാര്യ റിസോർട്ടുകളിൽ ആർക്കു വേണമെങ്കിലും താമസിക്കാം, അതിനു പിന്നിൽ ഞങ്ങൾക്ക് പങ്കൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.