Asianet News MalayalamAsianet News Malayalam

'വിശ്വാസം' നേടാൻ കോൺഗ്രസ്,  സച്ചിൻ പൈലറ്റിനോട് വിട്ടുവീഴ്ചയില്ല

സച്ചിനെ ഇനി മന്ത്രിസഭയിൽ ഉള്‍പ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിക്കിടെ രണ്ട് എംഎൽഎമാരുള്ള ഭാരതീയ ട്രൈബൽ പാർട്ടി അശോക് ഗെലോട്ട് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് ആശ്വാസമായി. 

rajasthan political crisis congress and ashok gehlot government ready for floor test
Author
Rajasthan, First Published Jul 19, 2020, 10:48 AM IST

ജയ്പൂര്‍: രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസ്. ഈ ആഴ്ച സഭ വിളിച്ചുചേർക്കാൻ തയ്യാറാണെന്നും കോടതി പറയുന്നതിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും കോൺഗ്രസ് അറിയിച്ചു. കോൺഗ്രസിലെ പ്രതിസന്ധിയിലാക്കിയ സച്ചിൻ പൈലറ്റിനോട് വിട്ടുവീഴ്ചയില്ല. നിലപാട് മാറ്റിയാൽ മാത്രം സച്ചിനുമായി ചര്‍ച്ച നടത്തും. എന്നാൽ സച്ചിനെ ഇനി മന്ത്രിസഭയിൽ ഉള്‍പ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിക്കിടെ രണ്ട് എംഎൽഎമാരുള്ള ഭാരതീയ ട്രൈബൽ പാർട്ടി അശോക് ഗെലോട്ട് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് ആശ്വാസമായി. 103 പേരുടെ പിന്തുണ തനിക്ക് ഒപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കുന്നത്. 

ഇനി സച്ചിൻ പൈലറ്റ് എന്ത് നിലപാടാകും സ്വീകരിക്കുകയെന്നാണ് ബിജെപിയും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നൽകുക മാത്രമാണ് ഒത്തുതീര്‍പ്പെന്ന നിലപാട് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ സച്ചിൻ പൈലറ്റ് അറിയിച്ചതായുള്ള സൂചനകളുണ്ടായിരുന്നെങ്കിലും കോൺഗ്രസ് വഴങ്ങില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതേ സമയം സച്ചിൻ പൈലറ്റിനും കൂടെയുള്ള വിമത എംഎൽഎമാർക്കും എതിരെ ചൊവ്വാഴ്ച വൈകീട്ട് വരെ നടപടിയെടുക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കോടതിയിലും പുറത്തുമായി തുടരുന്ന രാഷ്ട്രീയ പോരിൽ ഇതുവരെ പുറകിൽ നിന്ന് കളിച്ച ബിജെപി ചിത്രത്തിലേക്ക് വരികയാണ്. രാജസ്ഥാൻ കോൺഗ്രസ് സർക്കാർ, കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. നിയമവിരുദ്ധമായാണ് കേന്ദ്ര മന്ത്രിയുടെ  ഫോണ്‍ ചോര്‍ത്തിയതെന്നാണ് ബിജെപി ആരോപണം.

കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തലിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാൻ നടന്ന ഗൂഢാലോചനയെ കുറിച്ച് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. വിമത എംഎൽഎമാരുടെയും കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്തിൻറെയും ശബ്ദരേഖ ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 

Follow Us:
Download App:
  • android
  • ios