Asianet News MalayalamAsianet News Malayalam

രാജസ്ഥാൻ: സ്പീക്കറുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ, പിൻവലിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി

നിയമസഭ സമ്മേളനം വിളിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ് രംഗത്തെത്തിയത്. കൊവിഡ് ചർച്ച ചെയ്യാൻ മാത്രമായി സമ്മേളനം ചേരണമെന്ന പുതിയ ശുപാർശ മുഖ്യമന്ത്രി അശോക് ഗലോട്ട് ഗവർണ്ണർക്ക് നൽകി

Rajasthan Speaker plea in Supreme court Congress to withdraw petition
Author
Jaipur, First Published Jul 27, 2020, 6:56 AM IST

ദില്ലി: രാജസ്ഥാനിൽ എംഎൽഎമാരെ അയോഗ്യരാക്കുന്നത് തത്കാലം തടഞ്ഞ ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സ്പീക്കർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാവിലെ 11 മണിക്ക് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. തതസ്ഥിതി തുടരാൻ കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഹർജി പിൻവലിക്കാൻ കോൺഗ്രസിനുള്ളിൽ നീക്കം തുടങ്ങി. നിയമസഭാ സമ്മേളനം കേസിന്‍റെ പേരിൽ മാറ്റിവയ്ക്കുന്നതുകൊണ്ടാണ് ഈ ആലോചന.

രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയമസഭ സമ്മേളനം വിളിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ് രംഗത്തെത്തിയത്. കൊവിഡ് ചർച്ച ചെയ്യാൻ മാത്രമായി സമ്മേളനം ചേരണമെന്ന പുതിയ ശുപാർശ മുഖ്യമന്ത്രി അശോക് ഗലോട്ട് ഗവർണ്ണർക്ക് നൽകി.

രാജസ്ഥാനിൽ അശോക് ഗലോട്ടിന് ഭൂരിപക്ഷമുണ്ടെങ്കിൽ നിയമസഭ വിളിക്കുന്നത് എന്തിനെന്ന് ഗവർണ്ണർ കൽരാജ് മിശ്ര ചോദിച്ചിരുന്നു. ഇത് മറികടക്കാനാണ് കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രത്യേകയോഗം വേണമെന്ന നിർദ്ദേശവുമായി ഗലോട്ട് രംഗത്തെത്തിയത്. വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ഗവർണ്ണർ വിളിച്ചു വരുത്തി. കേസ് ചൂണ്ടിക്കാട്ടി ഗവർണ്ണർ വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ജനാധിപത്യ സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയ കോൺഗ്രസ് ഇന്ന് രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തും.

സർക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് ചില പാർട്ടി നേതാക്കളും കൂട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണെന്നാണ് പി ചിദംബരം പ്രതികരിച്ചു. ബിജെപിയും എതിർ നീക്കം സജീവമാക്കുകയാണ്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയിൽ കേന്ദ്രം ഇടപെട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി രാജസ്ഥാൻ ഘടകം ആവശ്യപ്പെട്ടു. കോടതി നാളെ സ്വീകരിക്കുന്ന നിലപാട് കൂടി നിരീക്ഷിച്ച ശേഷമാകും കേന്ദ്രത്തിൻറെ തുടർനീക്കം.

Follow Us:
Download App:
  • android
  • ios