അടുത്തിടെയാണ് തമിഴ്നാട്ടിലെ ഒരു വൃദ്ധനായ പോസ്റ്റുമാൻ വാർത്തകളിൽ നിറഞ്ഞത്. അദ്ദേഹം ജോലിയോട് കാണിച്ച ആത്മാർത്ഥതയുടെ ജീവിതകഥ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പങ്കുവച്ചതിന് പിന്നാലൊയിരുന്നു ഇത്.  ഇതോടെ രാജ്യം മുഴുവൻ  ഈ മാസം ആദ്യം വിരമിച്ച പോസ്റ്റുമാന്‍ ഡി ശിവന്‍റെ കഥയറിഞ്ഞു.

അറിഞ്ഞവരെല്ലാം ശിവന് ആദരമറിയിച്ച് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ ആ വലിയ സേവനത്തിന് ആദരമറിയിക്കുകയാണ് രാജീവ് ചന്ദ്രശേഖർ എംപി. മൂപ്പത് വർഷത്തെ പകരംവയ്ക്കാനില്ലാത്ത സേവനത്തിന് നന്ദി പറയുന്നതായി അദ്ദേഹം ശിവന് അയച്ച കത്തിൽ പറയുന്നു. 

'ഇന്നത്തെയും ഭാവിയിലെയും പൊതുസേവകരുടെ തലമുറകൾക്ക് വലിയ പ്രചോദനമാണ് താങ്കളുടെ ആത്മാർത്ഥതയും ഉത്തരവാദിത്തവും എന്ന് നിസംശയം  പറയാം'- എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. രാജ്യത്തിന് നൽകിയ വിലമതിക്കാനാകാത്ത സേവനത്തിന് ചെറിയൊരു സന്തോഷമായി ഒരു ലക്ഷം രൂപ സമ്മാനമായി സ്വീകരിക്കണമെന്നും  രാജീവ് ചന്ദ്രശേഖരൻ എംപി കത്തിൽ വ്യക്തമാക്കി. കത്തും പാരിതോഷികവും കിട്ടിയ ശിവൻ എംപിക്ക് നന്ദിയറിയിച്ചു.

"

കത്തുകൾ നൽകാനായി കൊടുംകാടുകളും, കുന്നിൻ ചെരുവുകളും, വഴുക്കലുള്ള പാറക്കെട്ടുകളും കടന്ന് ദിവസവും 15 കിലോമീറ്റർ ദൂരമാണ് ശിവൻ നടന്നിരുന്നത്. ഒന്നും രണ്ടും വർഷമല്ല, 30 വർഷക്കാലം കാൽനടയായി ഡി ശിവൻ തമിഴ്‌നാട്ടിലെ വിദൂര സ്ഥലങ്ങളിൽ കത്തുകൾ എത്തിച്ചുകൊടുത്തതായിരുന്നു അദ്ദേഹത്തെ വാർത്തകളിൽ നിറച്ചത്.