എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന രാജേശ്വര്‍ പല പ്രമുഖ കേസുകളിലും ഇഡി അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ടു ജി സ്പെക്ട്രം, എയർസെല്‍ മാക്സിസ്  കേസ്, കോമണ്‍വെല്‍ത്ത് അഴിമതി, അഗസ്റ്റ് വെസ്റ്റ്‍ലാന്‍റ് ഹെലികോപ്ട‍‍ർ ഇടപാട് തുടങ്ങിയ പല  കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ

ദില്ലി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗ് ഉടന്‍ ബിജെപിയില്‍ ചേർന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുമായി രാജേശ്വര്‍ സിംഗ് ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന രാജേശ്വര്‍ പല പ്രമുഖ കേസുകളിലും ഇഡി അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ടു ജി സ്പെക്ട്രം, എയർസെല്‍ മാക്സിസ് കേസ്, കോമണ്‍വെല്‍ത്ത് അഴിമതി, അഗസ്റ്റ് വെസ്റ്റ്‍ലാന്‍റ് ഹെലികോപ്ട‍‍ർ ഇടപാട് തുടങ്ങിയ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ.

ഇഡിയില്‍ നിന്ന് രാജേശ്വർ വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്തതായി അദ്ദേഹത്തിന്‍റെ സഹോദരി ട്വിറ്ററില്‍ പോസറ്റ് ചെയ്തിരുന്നു. രാജ്യത്തെ സേവിക്കാനായി മുന്‍കൂറായി വിരമിച്ച സഹോദരന് ആശംസകള്‍ എന്നായിരുന്നു ആ പോസ്റ്റ്. രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. യുപി പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ 2009ലാണ് രാജേശ്വര്‍ ഇഡില്‍ എത്തുന്നത്.

Scroll to load tweet…

നിലവില്‍ ലക്നൗ ജോയിന്‍റ് ഡയറക്ടറാണ് അദ്ദേഹം. 12 വര്‍ഷത്തെ സർവീസ് കാലാവധി കൂടി അദ്ദേഹത്തിന് ബാക്കിയുണ്ട്. വരാനിരിക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. നേരത്തെ, പെഗാസസ് പട്ടികയില്‍ രാജേശ്വറിന്‍റെയും കുടുംബാഗങ്ങളുടെയും ഫോണ്‍ നമ്പറുകള്‍ ഉള്ളതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona