Asianet News MalayalamAsianet News Malayalam

രാജീവ്ഗാന്ധി വധക്കേസ്; പേരറിവാളന് പരോൾ

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സക്കായി പരോൾ അനുവദിക്കണമെന്ന പേരറിവാളൻ്റെ അപേക്ഷ നേരത്തെ തമിഴ്നാട് സർക്കാർ നിരസിച്ചിരുന്നു.

rajiv gandhi assassination case perarivalan granted parole
Author
Chennai, First Published Sep 24, 2020, 1:13 PM IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സക്കായി പരോൾ അനുവദിക്കണമെന്ന പേരറിവാളൻ്റെ അപേക്ഷ നേരത്തെ തമിഴ്നാട് സർക്കാർ നിരസിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

കേസിലെ പ്രതികളെ വിട്ടയയ്ക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വെകുന്നത് ചോദ്യം ചെയ്ത് പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍ നേരത്തെ ഹർജി നൽകിയിരുന്നു. പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ. 

പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്ന കാര്യത്തിൽ  തീരുമാനമെടുക്കാൻ, സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (MDMA) യുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അന്തിമ റിപ്പോർട്ട് വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഗവർണറുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014 ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്. സിബിഐ അന്വേഷിച്ച കേസില്‍ നിയമതടസ്സങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ തീരുമാനം വൈകിയത്. കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്. സിബിഐയുടെ അന്വേഷണത്തിൽ രാജീവ് വധത്തിന്‍റെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയുമടക്കമുള്ളവർ മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios